Wednesday 25 August 2021

ലഡാക്ക് ഡയറീസ് 8

 




Durbuk ൽ നിന്ന് 150 km  പോകണം ലേഹ് സിറ്റിയിലേക്ക്. വൈകുന്നേരം നേരത്തെ എത്തിയാൽ തിരിച്ച് മനാലി വഴി പോകുന്ന പിറ്റേ ദിവസത്തെ 4 AM Deluxe ബസ് ബുക്ക് ചെയ്യാം എന്നൊക്കെയായിരുന്നു പ്രതീക്ഷ. കുറേ ദൂരം കയറ്റം കയറിയ തുടങ്ങിയപ്പോഴേക്കും റോഡ് തനി സ്വഭാവം കാണിച്ചു തുടങ്ങി, കല്ലും മണ്ണും മാത്രമുള്ള വഴി കുത്തനെ കയറ്റവും. മുകളിലെത്താൻ നല്ലവണ്ണം ബുദ്ധിമുട്ടി.Chang La pass ഖർദുങ്ങ് ലാ യേക്കാൾ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടി. നല്ല വെയിൽ ഒപ്പം തണുത്ത കാറ്റും. വഴിയിലുള്ള BRO യുടെ സേഫ്റ്റി ബോർഡുകൾ രസകരമാണ്. 

ചിലത് ഇങ്ങനെ - 

After whisky Driveing Risky. 

Darling i like you But not so fast 

i am curveceous Be slow. Chang La Pass ടോപ്പിൽ കുറച്ച് നേരം നിന്നു. നല്ല തണുത്ത കാറ്റ്  അടിച്ചു കൊണ്ടിരുന്നു. ഒരു ബ്ലാക്ക് ടീ അടിച്ചു. കുറേ വിദേശികൾ സൈക്കിളിൽ സ്ഥലങ്ങൾ കാണാൻ വന്നിട്ടുണ്ട്. അവരെ മനസ്സുകൊണ്ട് നമിച്ചു. സൈക്കിൾ യാത്ര നമുക്ക് ആർക്കും താൽപര്യമില്ലാത്തത് എന്തുകൊണ്ടാകാം എന്നാലോചിച്ചു. എല്ലാ Mountain Top ലും ലാമമാർ പ്രാർത്ഥനാ ഫ്ലാഗുകൾ തൂക്കിയിട്ടുണ്ട്, ചെറിയ മൊണാസ്ട്രികളും സ്ഥാപിച്ചിട്ടുണ്ട്. ഇത് അവരുടെ പ്രദേശം എന്ന് സൂചിപ്പിക്കാൻ തന്നെ മറ്റ് മതക്കാർ ചെയ്യുന്നത് പോലെ. ലഡാക്കിൽ ബുദ്ധിസ്റ്റുകളാണ് ഭൂരിപക്ഷം ശ്രീനഗറിൽ മുസ്ലിങ്ങളും. Chang La Pass ഇറങ്ങി തുടങ്ങി. സാഹസികർ ബൈക്ക് ഓടിക്കാൻ ഇഷ്ടപ്പെടുന്ന വഴി. ഈ മലമടക്കുകളിൽ റോഡുകൾ നിർമ്മിച്ച Boarder Roads Organisation നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവർ ഈ റോഡുകൾ ഏത് കാലാവസ്ഥയിലും പട്ടാള നീക്കത്തിന് അനുയോജ്യമാക്കി നിർത്തും. ലെഹ് ലേക്ക് 50 km ദൂരം എന്ന് കണ്ടു. ഇടയിൽ ഒരു മൊണാസ്ട്രി  കണ്ടു. സ്റ്റെപ്പുകൾ കയറി ചെല്ലാൻ നിന്നില്ല എല്ലാം ഏകദേശം ഒരേ മുഖം, മാത്രമല്ല ഉയരത്തിലുള്ള  ഇവയിലേക്ക് കയറാനും നല്ല പ്രയാസം. (ഓക്സിജൻ കമ്മി) 5 മണിയോടെ ലെഹ് ൽ എത്തി. ബസ് സ്റ്റാൻഡിൽ വിവരം അന്വേഷിച്ചു നാളത്തെ മനാലി ബസ് ഫുൾ. ഇനിയുള്ളത് ശ്രീനഗർ, ജമ്മു ബസാണ് നാളെ ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 3 മണിക്ക് ശ്രീനഗർ എത്തും .അവിടെ നിന്ന് മറ്റൊരു ബസിൽ ജമ്മുവിലേക്ക് കയറണം. ജമ്മുവിൽ  അന്ന് വൈകുന്നേരം5 PM ന് എത്തിയാൽ മിലിറ്ററി മാർക്കറ്റിൽ കറങ്ങാനും കുറച്ച് സാധനങ്ങൾ വാങ്ങാനും പ്ലാനിട്ടു. ശ്രീനഗറിലേക്ക് ടിക്കറ്റ് എടുത്തു. നാളെ 1:30 PM ന് സ്റ്റാൻഡിൽ റിപ്പോർട്ട് ചെയ്യണം. ബൈക്ക് തിരിച്ചു കൊടുത്തു. 3 ദിവസത്തെ ബൈക്ക് യാത്രയുടെ ക്ഷീണം. നാളെ ഉച്ചവരെ സിറ്റി നടന്ന്  കറങ്ങാം, പിന്നെ മറ്റൊരു റൂട്ടിലൂടെ ബസിലിരുന്ന് കാഴ്ചകൾ കാണാം.

ലഡാക്ക് ഡയറീസ് 7


  Agham- shyok റോഡ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഇടക്ക് വഴിതെറ്റി എങ്കിലും പലരോടും ചോദിച്ചു നേരായ വഴിയിൽ എത്തി. മനോഹരമായ റോഡ്, ഇടക്ക് റോഡ് Shyok റിവറിനടുത്തുകൂടെ  പോകുന്നു. കുറച്ച് ദൂരം പോയപ്പോൾ റോഡ് നദിയിലേക്ക് ഇറങ്ങുന്നു ഇടയിലെല്ലാം ഐസ് ഉരുകിയ തണുത്ത വെള്ളം ഒഴുകി വരുന്നുണ്ട്, അവിടെയൊന്നും റോഡ് കാണില്ല. ഒരു ചാലിന് അപ്പുറത്തായി റോഡ്. വാട്ടർഫ്ലോ ക്രോസ് ചെയ്യണം. ഞാനിറങ്ങി നടന്നു. വെള്ളത്തിൽ കാൽ വെക്കാൻ വയ്യ അത്രക്ക് തണുപ്പ്.ഒരു വിധം അപ്പുറം എത്തി, അപ്പോഴെക്കും ശിവൻ ഇറക്കിയ ബൈക്ക് ചാലിൽ കുടുങ്ങി പതുക്കെ എഴുന്നേറ്റ് ചെന്ന് തള്ളി ഒരു വിധം അപ്പുറമെത്തി. കാലിന്റെ മരവിപ്പ് മാറ്റാൻ പെട്രോൾ നിറച്ചിരുന്ന കാലി കുപ്പി എടുത്ത് കത്തിച്ചു. തണുപ്പ് ചെറുതായി മാറ്റി. 5 മണി കഴിഞ്ഞു ( pm) ഇനി എവിടെയെങ്കിലും താമസ സൗകര്യം അന്വേഷിക്കണം.50 km പോയാൽ Durbuk എന്ന സ്ഥലമുണ്ട് അവിടെ ആകാം എന്ന് തീരുമാനിച്ചു.ചെറിയൊരു ടൗൺ ആണ് Dur buk കുറച്ച് കടകൾ കാണും. അവിടെ ഒരാൾക്ക് 250 രൂപ നിരക്കിൽ റൂം കിട്ടി. പാംഗോങ്ങ് ലേക്ക് കാണാൻ പോകുന്നവർ ഹാൾട്ട് ചെയ്യുന്ന സ്ഥലം.  കറന്റ് ഇല്ല, രാത്രി 10 മണി വരെ ജനറേറ്റർ ഓണായിരുന്നു. ചെറിയൊരു മയക്കത്തിലേക്ക്.. 
രാവിലെ എഴുന്നേറ്റത് "ഭാരത് മാതാ കീ ജയ് " വിളി കേട്ടാണ്. തൊട്ടടുത്ത് ഒരു പട്ടാള ക്യാമ്പിൽ നിന്നാണ്, പട്ടാളക്കാരുടെ മാർച്ച് ഫാസ്റ്റ്, അതിന് ശേഷം അവർ തിരക്ക് പിടിച്ച് സൈനിക വാഹനങ്ങളിൽ കയറുന്നു.ചായ പോലും കുടിക്കാതെ Pangong Tso കാണാൻ പുറപ്പെട്ടു.(50 km). അമീർ ഖാൻ അഭിനയിച്ച 3idiots എന്ന മൂവിയാണ് ഈ ലേക്ക് പ്രശസ്തമാക്കിയത്. അതിലെ അവസാന ഭാഗം- അമീർഖാനെ കണ്ടെത്തുന്ന ഭാഗം ചിത്രീകരിച്ചത് ഇവിടെയാണ്.തടാകത്തിന്റെ 60% ഭാഗവും കിടക്കുന്നത് ചൈനയിലാണ്. winter ൽ തടാകം തണുത്തുറയും. ചൈനാ അതിർത്തിയിലേക്കുള്ള വഴി ആയതിനാലാകാം കനത്ത സുരക്ഷയാണ് വഴി എല്ലാം.  Photography prohibitted areas ആണ് പലതും. ഇവ കടന്ന് പിന്നെയും പോയി വഴിയിൽ കുറേ ഹിമാലയൻ marmots നെ കണ്ടു. വണ്ടി നിർത്തി ഇറങ്ങി, അവ ആളുകളോട് ഇണക്കമുള്ളവയാണ് കുറച്ച് ഫോട്ടോകൾ എടുത്തു. അണ്ണാൻ വർഗത്തിൽ പെട്ട ഒരു ജീവി പക്ഷെ അതിനേക്കാൾ നല്ല വലുപ്പം കാണും. ദൂരെ പാംഗോങ്ങ് ലേക്ക് കാണാൻ തുടങ്ങി സ്ഫടിക നീല ജലം സൂര്യപ്രകാശത്തിൽ തിളങ്ങുന്നു. തടാകത്തിനടുത്ത് എത്തി, ആളുകൾ കുറവാണ്. തടാകത്തിലെ ജലം പവിത്രമായാണ് ലാമമാർ കരുതുന്നത്. ചെറിയ ഉപ്പ് രസമുള്ള ജലമാണ്. ഈ തെളിഞ്ഞ ജലത്തിൽ മത്സ്യങ്ങളോ മറ്റ് ജീവികളോ ഒന്നുമില്ല. കുളിക്കാൻ അനുവാദമില്ല. തടാകം മേഘങ്ങളുടെ നിറങ്ങൾക്കനുസരിച്ച് കളർ മാറി കൊണ്ടിരിക്കും എന്ന് കേട്ടിട്ടുണ്ട്.   തടാകതീരത്ത് scooty യിൽ ഇരുന്ന് ഫോട്ടോ എടുക്കാൻ അവസരമുണ്ട്. തീരത്ത് കൂടി കുറേ ദൂരം നടന്നു. തീരത്തെല്ലാം ക്യാമ്പ്, Tent എന്നീ താമസ സൗകര്യങ്ങൾ ലഭ്യമാണ്. കുറച്ച് ഫോട്ടോ എടുത്തു. ഇനി തിരിച്ച് ലേഹ് ലേക്ക്,  TSO Morriri എന്ന ലേക്ക് ഇവിടെ നിന്ന് പോകാം പക്ഷെ 250 km offroad ആണ്, മാത്രമല്ല ഞങ്ങൾ പെർമിറ്റ് എടുത്തില്ല. ( ദിവസം കിട്ടില്ല എന്ന് കരുതി ) ലേഹ് ലേക്ക് തിരിച്ച് യാത്ര chang la  പാസിലൂടെ . ലോകത്തെ രണ്ടാമത്തെ വലിയ Mountain pass. തിരിച്ച് Durbuk ൽ ചെന്ന് വണ്ടി നിർത്തി ഭക്ഷണം കഴിച്ച് ലേഹ് ലക്ഷ്യമാക്കി തിരിച്ചു.

Tuesday 24 August 2021

ലഡാക്ക് ഡയറീസ് 6

 










Ladakh is known as Bikers Paradise. എന്തുകൊണ്ടാണ് എന്ന് ഒരു ചർച്ചയിൽ ചോദിച്ചപ്പോൾ കിട്ടിയ രസകരമായ മറുപടി ഇതായിരുന്നു ~ ലഡാക്ക് യാത്രകൾക്കിടയിൽ ദൈവത്തെ മുഖാമുഖം കാണാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കാറുണ്ട് അതുകൊണ്ടാകാം, തമാശയാണെങ്കിലും കുറച്ച് ശരിയാണ് പ്രധാന സ്ഥലങ്ങളിലേക്കുള്ള എല്ലാ റൂട്ടുകളിലും വിജനത നന്നായി ഫീൽ ചെയ്യും. മൊബൈൽ റേഞ്ച് കാണില്ല, റോഡിലെ വാട്ടർ ക്രോസിംഗ് അങ്ങിനെ പലതും...

രാവിലെ 5.30ന് ഉണർന്നപ്പോൾ തന്നെ നല്ല വെളിച്ചം. പക്ഷെ ആളുകൾ എഴുനേൽക്കാൻ സമയം പിടിക്കും. ഒരു ചായ കട പോലും 9 മണിയോടെയേ സജീവമാകൂ. രാവിലെ ചായ കിട്ടാൻ ഒരു വഴിയുമില്ല. ഞങ്ങൾ ഇപ്പോൾ നുബ്ര വാലിയിലാണ് ഇന്നലെ രാത്രി കുറേ ഓടിച്ചു പോന്നതിനാൽ ഇവിടെ എത്തി. വെള്ള മണൽ (SAND DUNES) നിറഞ്ഞതാണ് ഈ വാലി. ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതായി ഫീൽ ചെയ്യും. പ്രധാന സ്ഥലങ്ങൾ Diskit, Hunder എന്നിവയാണ്. Turtuk ഗ്രാമം കാണണമെന്ന് ആഗ്രഹിച്ചതാണ് പക്ഷെ സമയം ഇല്ല, കുറേ ദൂരം പോകണം ആ പ്ലാൻ Cancel ചെയ്തു. Hunder ആദ്യം, പ്രധാന ആകർഷണം Camel Rideing, River Rafting എന്നിവയാണ്. കുറച്ച് ദൂരം പോയപ്പോൾ തന്നെ മണൽ പ്രദേശങ്ങൾ കാണാൻ തുടങ്ങി. ഒട്ടകങ്ങളുമായി ടൂറിസ്റ്റുകളെ കാത്ത് ചിലർ നിൽക്കുന്നു. പാർക്കിംഗ്ങ്ങിൽ വണ്ടി നിർത്തി കുറച്ച് ദൂരം പഞ്ചാര മണലിലൂടെ നടന്നു. ഒന്ന് രണ്ട് ഫോട്ടോയും എടുത്തു, വിനോദ സഞ്ചാരികൾ കുറവുള്ള സ്ഥലം  എന്തോ അധികനേരം നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി. തിരിച്ച് Diskit ലേക്ക് ചെന്ന് പ്രഭാത ഭക്ഷണം കഴിച്ചു. ഡിസ്കിറ്റിൽ 32 മീറ്റർ ഉയരമുള്ള Maitreya Budha Statue ആണ് പ്രധാന ആകർഷണം. Shyok River ന് അഭിമുഖമായി പാകിസ്ഥാനിലേക്ക് തിരിഞ്ഞാണ് ബുദ്ധൻ ഇരിക്കുന്നത്. തൊട്ടടുത്ത് തന്നെ യാണ് Diskit Monastery .ഇവിടെ നിന്ന് നുബ്ര വാലി മുഴുവനായി കാണാം. Shyok River കലങ്ങി മറിഞ്ഞ് ഒഴുകുന്നു. ചെറിയ കല്ലുകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ആഗ്രഹങ്ങൾ സഫലമാകുകയും, ജീവിതത്തിൽ ഐശ്വര്യവും വരുമെന്ന് ഇവർ വിശ്വസിക്കുന്നു. വഴിയിലെല്ലാം ഇത്തരം രൂപങ്ങൾ കാണാം. Diskit ൽ നിന്ന് ഇറങ്ങി ഇനി പനാമിക്കിലേക്ക് (Panamik). സിയാച്ചിൻ ഗ്ലേസിയറിലേക്കുള്ള പാതയിലാണ് പനാമിക്ക്. 50 km offroad മുഴുവൻ കടന്ന് പോകുന്നത് ഗ്രാമങ്ങളിലൂടെയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും മനോഹരമായ റോഡ്, നല്ല യാത്രാനുഭവം നൽകി. വഴിയിൽ ഇടക്ക് ഓരോ വണ്ടികൾ മാത്രം ലോക്കൽ ആൾക്കാർ സഞ്ചരിക്കുന്നത്. Turtuk or Panamik ഇതിൽ ഏതിലെങ്കിലും ഒന്നിൽ രാത്രി നിൽക്കണമെന്നാണ് ആദ്യം കരുതിയത് പക്ഷെ ഈ വഴി രാത്രി വന്നിരുന്നെങ്കിൽ, wrong Turn എന്ന ഹോളിവുഡ് സിനിമ ഓർത്തു പോയി. പനാമിക്കിൽ ഒരു മലമുകളിൽ നിന്ന് വരുന്ന ചൂട് നീരുറവയാണ് ആകർഷണം. 30 രൂപ നൽകിയാൽ മിനറലുകൾ എല്ലാമടങ്ങിയ ഈ ചൂടു വെള്ളത്തിൽ കുളിക്കാം. ഒരു കുളി പാസാക്കി, ഒന്ന് ഫ്രഷായി. ഇനി വന്ന വഴി 50 km തിരിച്ച് പോയി 250 km ഓടി Pangong lake ൽ എത്തണം. ഇന്ന് എത്തില്ല 250 km 500 കിലോമീറ്ററായി ഫീൽ ചെയ്യും. വഴിയിൽ എവിടെയെങ്കിലും താമസിക്കണം.  Khalsar ൽ നിർത്തി ഉച്ചഭക്ഷണം കഴിച്ചു. നല്ല ചോറ്, തൈര്, അച്ചാർ ഹോട്ടൽ ഉടമ കേരളത്തിൽ വന്നിട്ടുണ്ട് 3 മാസം മുൻപ് കൊച്ചിയിൽ ഉണ്ടായിരുന്നു. നല്ല ഭക്ഷണം ആദ്യമായി കഴിച്ചു. വയർ നിറഞ്ഞ ഫീൽ.  കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിച്ചു, ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങി എല്ലാം ശരിയാകുന്നു എന്ന് പറഞ്ഞു. ലഡാക്കിലെ ഏത് ഗ്രാമത്തിൽ ചെന്നാലും കേരളത്തിൽ നിന്ന് വന്നവരാണെന്ന് പറഞ്ഞാൽ വെള്ളപ്പൊക്കത്തെ കുറിച്ച് അന്വേഷിക്കും. കുറേ പേരോട് മറുപടി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ വെള്ളം കയറിയോ എന്നൊക്കെയാണ് ചോദ്യങ്ങൾ ഇല്ലെന്ന് മറുപടി. Pangong lake ലേക്ക് വഴി ചോദിച്ച് ഇറങ്ങി Agham - shyok road വഴി പോകാം എളുപ്പമാണ് പക്ഷെ റോഡിലൂടെ വെള്ളം ഒഴുകുന്ന സ്ഥലങ്ങളുണ്ട് 5 മണിക്ക് മുമ്പ് ഈ റോഡ് 50 km കവർ ചെയ്യണം എന്ന് ഹോട്ടൽ ഉടമ വിശദീകരിച്ചു തന്നു. ഇല്ലെങ്കിൽ വെള്ളം എത്ര അളവിൽ എന്ന് മനസ്സിലാക്കാൻ കഴിയില്ല എന്നതാകാം കാരണം. പുള്ളി safe Journey എന്ന് ആശംസിച്ചു. ഒരു നന്ദി പറഞ്ഞ് ഞങ്ങൾ ഇറങ്ങി Pangong lake കാണാൻ...

ലഡാക്ക് ഡയറീസ് 5

 "Once a year go some Place you have never been before".


 ഇത് പറഞ്ഞത് ദലൈലാമയാണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നതും ലാമമാരുടെ മണ്ണിൽ തന്നെ. ഇതുവരെ അനുഭവിക്കാത്ത സ്ഥലം ലെഹ്. രാവിലെ എഴുന്നേറ്റ് പഞ്ചാബി ഡാബയിൽ പോയി ഒരു ആലു പൊറോട്ടയും ചായയും കഴിച്ചു. ഇവിടെയുള്ള ഹോട്ടലുകൾ മിക്കതും നടത്തുന്നത്  കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്നാണെന്ന് തോന്നുന്നു.അവർക്ക് ഈ ഹോട്ടൽ തന്നെ സ്വന്തം വീടുമാണ്. ചെറിയ കുട്ടികൾ പോലും  കഴിയും വിധം സഹായിക്കുന്നുണ്ട്. ഇനി കാണാൻ പോകുന്ന സ്ഥലത്തേക്ക് അനുവാദം വാങ്ങണം. ലെഹ് മെയിൻ മാർക്കറ്റിനടുത്ത് ഒരു internet കേഫിൽ നിന്നും പോകേണ്ട സ്ഥലങ്ങളിലേക്ക് inner Line permit പ്രിന്റ് എടുത്തു. ഇത് Jammu Kashmir Tourist information center ൽ കാണിച്ച് സീൽ വെക്കണം. 1000 രൂപ 2 പേർക്ക് വേണ്ടി വന്നു.  സ്പെയിനിൽ നിന്ന് വന്ന ഇവാൻ എന്നൊരു വ്യക്തിയെ പരിചയപ്പെട്ടു. ഇവാൻ ബൈക്കിൽ ഒറ്റക്ക് കറങ്ങാനാണ് വന്നിരിക്കുന്നത്. പക്ഷെ വിദേശികൾക്ക് സോളോ ട്രിപ്പ് പോകാൻ അനുവാദമില്ല. ഏതെങ്കിലും പ്രാദേശിക ടൂർ ഏജന്റ് മുഖേനയേ പോകാൻ സാധിക്കൂ. ഇവാൻ ഏജന്റിനെ അന്വേഷിച്ച് വരാം എന്ന് പറഞ്ഞ് ഇറങ്ങി. ഇനി ബൈക്ക് റെന്റ്ന് എടുക്കണം. താമസിക്കുന്നതിന് തൊട്ട് അടുത്തുള്ള കടക്കാരൻ അറേഞ്ച് ചെയ്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഉച്ചക്ക് 2 മണിക്ക് ശേഷമേ കിട്ടു. ഒരു ദിവസം 1000 രൂപ വാടക, 3 ദിവസത്തേക്ക് Avenger ബൈക്ക് വാടകക്ക് എടുത്തു. ബാക്കി ബുള്ളറ്റുകളാണ്   എല്ലാം 1400 രൂപയോ അതിന് മുകളിലോ ഒരു ദിവസം വാടക വരും. തത്കാലം Avenger അഡ്ജസ്റ്റ് ചെയ്തു. 3 ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ ബാഗിലാക്കി 2 PM ന് പുറപ്പെട്ടു. പെട്രോൾ പമ്പിൽ കയറി ടാങ്ക് ഫുൾ ആക്കി, പോരാത്തതിന് ഒരു കുപ്പിയിലും വാങ്ങി ഇനി പോകുന്ന സ്ഥലത്ത് പമ്പുകൾ ഇല്ല. ബ്ലാക്കിൽ കിട്ടുമായിരിക്കും.  ആദ്യം ഖർദുങ്ങ് ലാ ടോപ്പിലേക്ക് (Worlds Highest Motorable Mountain Pass). ആദ്യമെല്ലാം നല്ല റോഡായിരുന്നു, പതുക്കെ സ്വഭാവം മാറി. ഇടക്ക് ഒരു മൊണാസ്ട്രി കണ്ടു Namgoyal gompa. ഇവിടെ നിന്ന് നോക്കിയാൽ ലെഹ് സിറ്റി കാണാം.  സ്റ്റെപ്പുകൾ കയറും തോറും ക്ഷീണിക്കുന്നു എങ്കിലും മുകളിലെത്തി. ബർദുങ്ങ്ലാ പാസിൽ മുകളിലേക്ക് കയറും തോറും തണുപ്പ് കൂടി വന്നു കാറ്റും. 6 മണിയോടെ മുകളിലെത്തി. BRO നിർമ്മിച്ച ചെറിയൊരു ബോർഡുണ്ട് പൊട്ടി പൊളിയാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു നേരം ഫോട്ടോ എടുത്ത് ഇവിടെ ചിലവഴിച്ചു. ആറ് മണി ആയതിനാൽ കടകളെല്ലാം അടച്ചിരിക്കുന്നു. ഒരു മിലിറ്ററി കാന്റീനിൽ നിന്ന് തണുപ്പ് മാറ്റാൻ  ചായ കുടിച്ചു. ഇനി രാത്രി താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തണം.53 km പോയാൽ Khalsar എന്ന സ്ഥലത്ത് നല്ല റൂം കിട്ടും എന്ന് പറഞ്ഞു. അവിടെ എത്താൻ 2 മണിക്കൂർ എങ്കിലും  മിനിമം വേണം . കുറച്ച് ദൂരം പോയി ഒരു സ്ഥലത്ത് Night stay അന്വേഷിച്ചു പക്ഷെ വില കൂടുതലാണ്. Khalsar ൽ പോകാൻ തീരുമാനിച്ചു  ( 7.45 PM ) 8.30 ന് അവിടം എത്തി പക്ഷെ stay ചെയ്യാൻ സൗകര്യം ലഭ്യമല്ല. എന്ത് ചെയ്യും? കുറച്ച് കൂടി ദൂരം പോയി ആരെയും വഴിയിൽ കാണാനില്ല. ഒരു മിലിറ്ററി ക്യാമ്പിലേക്ക് വണ്ടി ഓടിച്ചു  അവിടെ സെക്യൂരിറ്റിയോട് ചോദിച്ചു. കുറച്ച് ദൂരം പോയാൽ Camping and Rafting എന്നൊരു ബോർഡ് കാണാം അവിടെ ലഭിക്കും എന്ന് മറുപടി. 3km പോയപ്പോൾ കുറച്ച് ടെന്റ് കൾ കണ്ടു ഇറങ്ങി ചോദിച്ചു, 1200 രൂപ വിലപേശിയപ്പോൾ 900 ൽ ഒതുങ്ങി. ഇനിയും കുറയുമായിരിക്കും പക്ഷെ സമയം ശരിയല്ല. ടെന്റിൽ എല്ലാ സൗകര്യവുമുണ്ട്, ഭക്ഷണം അടുത്ത് റെസ്റ്റോറന്റിൽ നിന്ന് കിട്ടും. ആദ്യമായാണ് ടെന്റിൽ താമസിക്കുന്നത് അതും വിദൂരമായ ഒരു ഗ്രാമത്തിൽ. നല്ലൊരു അനുഭവമായിരുന്നു. രാത്രി ഭക്ഷണം കഴിച്ചു നല്ല തണുപ്പ് മൂടി പുതച്ച് ഉറങ്ങാൻ ശ്രമിച്ചു. നായ്ക്കളുടെ നിർത്താതെയുള്ള കുരയും കേട്ട് മയക്കത്തിലേക്ക്.. നാളെ ഡിസ്കിറ്റ്, ഹുണ്ടർ  നുബ്ര വാലിയിലേക്ക്...

ലഡാക്ക് ഡയറീസ് 4

 


രാവിലെ 4 മണിക്ക് അലാറം വെച്ച് എഴുന്നേറ്റു. സ്റ്റാൻഡിൽ എത്തി. ബസ് തയ്യാറാണ്,ഒരു black Tea അടിച്ചു. മൊത്തം 14 പേർ കാണും യാത്രക്ക് . എവിടെ വേണമെങ്കിലും ഇരിക്കാം എന്ന് കണ്ടക്ടർ പറഞ്ഞു. ഇനി ബസ് ഇടക്ക് ഭക്ഷണം കഴിക്കാൻ മാത്രമേ നിർത്തുകയുള്ളു.  മുന്നിൽ ഡ്രൈവറുടെ സീറ്റിന് പിന്നിൽ  അടുത്തായി കുറച്ച് നേരം ഇരുന്നു മൊബൈലിൽ  വീഡിയോ പകർത്തുക എന്ന ലക്ഷ്യം മാത്രം. 2 മണിക്കൂർ യാത്ര ചെയ്ത് Jispa യിൽ ചായ കുടിക്കാനായി നിർത്തി. കുറച്ച് chewingum വാങ്ങി. കയറ്റം കയറുമ്പോൾ ആവശ്യം വരും. ഞാൻ Diamox Tablet കഴിക്കാനും മറന്നു. ശിവൻ കഴിച്ചിരുന്നു. ബസ് ടാറിടാത്ത കല്ലും മണ്ണുമുള്ള റോഡിലൂടെ ഡ്രൈവർ നല്ല വേഗത്തിൽ പറത്തുന്നു. ലോകത്തിൽ ഏറ്റവും നല്ല ഡ്രൈവർക്ക് അവാർഡ് നൽകുകയാണെങ്കിൽ ഹിമാചൽ, കാശ്മീർ മേഖലയിൽ ബസ് ഓടിക്കുന്നവർക്ക് തന്നെ നൽകണം. സർക്കാർ ബസിലെ ഡ്രൈവർമാരാണ് ഈ റൂട്ടിൽ വിദഗ്ദ്ധർ. ബാക്കി എല്ലാവരും പിന്നീട് .  കുത്തനെ കയറ്റവും, ഇറക്കവും ഹിന്ദി പാട്ട് ഉറക്കെ വെച്ചിട്ടുണ്ട് ഡ്രൈവറും ഒപ്പം പാടുന്നു.  അദ്ദേഹം നന്നായി ഡ്രൈവിംഗ് ആസ്വദിക്കുന്നുണ്ട് . കുറച്ചു കഴിഞ്ഞു  തലവേദന കൂടി വരുന്നു, ഒപ്പം ഛർദിയും. കുറേ വെള്ളം കുടിക്കാൻ പറയുന്നുണ്ട്. കുടിച്ചപ്പോൾ ഒരാശ്വാസം തോന്നി. ഈ തലവേദന ലെഹ് എത്തുന്നത് വരെ എന്നെ വിടാതെ ഒപ്പം കൂടി. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ നിർത്തിയെങ്കിലും ഒന്നും കഴിക്കാൻ കഴിഞ്ഞില്ല. വഴി നീളെ കാഴ്ചകൾ കാണുന്നുണ്ട് പക്ഷെ ആസ്വദിക്കാൻ കഴിയുന്നില്ല. കുറച്ച് നേരം ഉറങ്ങാൻ പറഞ്ഞു. പറ്റില്ല ഉറങ്ങാനല്ലല്ലോ ഈ വഴി വന്നത്. ജീവിതത്തിൽ ഇതുവരെ കാണാത്തതും അനുഭവിക്കാത്തതുമായ കാഴ്ചകൾ കാണണം. കണ്ടു കൊണ്ട് തന്നെ ജനാലക്കടുത്ത് ഇരുന്നു.കുറേ ഫോട്ടോകൾ മൊബൈലിൽ പകർത്തി. ഉച്ചക്ക് Pang എന്ന സ്ഥലത്ത് ഭക്ഷണം കഴിക്കാൻ നിർത്തി. അവിടെയൊരു സർക്കാർ മെഡിക്കൽ Tent കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ Doctor പറഞ്ഞു ഇതെല്ലാം എല്ലാവർക്കും ഉണ്ടാകും. അതിൽ കൂടുതൽ ലക്ഷണങ്ങൾ നടക്കാൻ പ്രയാസം, പനി അങ്ങനെ പലതും ഉണ്ടെങ്കിൽ ശ്രദ്ധിച്ചാൽ മതി. വിരലിൽ എന്തോ വെച്ച് പരിശോധിച്ചു. "you are normal". iam Happy. ശിവനും തലവേദനയുണ്ട് പക്ഷെ ഛർദി ഇല്ല. വീണ്ടും ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. അപ്പോഴാണ് വീട്ടിൽ നിന്നും കുപ്പിയിൽ കൊണ്ടുവന്ന പുളിയിഞ്ചിയുടെ ഓർമ്മ വന്നത്. റൈസ് ഓർഡർ ചെയ്തു അച്ചാറും പുളിയിഞ്ചിയും കൂട്ടി കുറച്ച് ഭക്ഷണം കഴിച്ചു.ചെറിയൊരാശ്വാസം. ഇതേ പുളിയിഞ്ചി വെച്ച് രാത്രി ചപ്പാത്തിയും അടിച്ചു. Mountain passes ലൂടെ ബസ്  നീങ്ങിക്കൊണ്ടിരുന്നു. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന കണക്കിൽ, ഇടക്ക് ഒരു പാലം പണി നടക്കുന്നു 1 മണിക്കൂറിലധികം വണ്ടികൾ ബ്ലോക്കായി. വീണ്ടും യാത്ര മരുഭൂമിയുടേതിന്  സമാനമായ ഒരു ഭൂപ്രദേശത്ത് കൂടിയാണ് യാത്ര. മനോഹരമായ കാഴ്ചകൾ. ഇപ്പോൾ ബസിൽ ഞങ്ങൾ 5 പേരും ഡ്രൈവറും കണ്ടക്ടറും മാത്രമായി മാറി. Boarder Roads Organisation ബോർഡുകൾ, പട്ടാള ക്യാമ്പുകൾ എല്ലാം ഇടവിട്ട് കാണാം. ഈ വഴി പട്ടാളവണ്ടികളും ടൂർ വാഹനങ്ങളും മാത്രമാണ് കടന്ന് പോകുന്നത്. ഹിന്ദി പാട്ട് നിർത്താതെ വെച്ചു കൊണ്ടിരിക്കുന്നു. പൊടി പടലങ്ങൾ ഗ്ലാസിനിടയിലൂടെ അടിച്ച് കയറുന്നുണ്ട്.അവസാനം Upshi എന്ന സ്ഥലത്ത് എത്തി ചായ കുടിക്കാൻ നിർത്തി. 6.30 PM ഇനിയൊരു 50 km മാത്രം. 7.30 കഴിഞ്ഞപ്പോൾ ലെഹ് സിറ്റി കാണാൻ തുടങ്ങി. റൂം എടുത്തു  റൂം റേറ്റ് കൂടുതലാണ് 900.  തലവേദന മാറാൻ ഒരു പാരസറ്റമോൾ അടിച്ചു ഉറങ്ങാൻ കിടന്നു.11562 അടി ഉയരത്തിലാണ് ലേഹ് പട്ടണം ഉറങ്ങുമ്പോൾ ബ്രീത്തിംഗ് കൂടുതൽ എടുക്കണം. സമാനമായിരുന്നു കെയ്ലോങ്ങിലെ രാത്രിയും. ഉറങ്ങിയാലും ഉറങ്ങിയതായ ഫീൽ ഇല്ല. കുറച്ച് നടക്കുമ്പോഴെക്കും ക്ഷീണിക്കും . എല്ലാം ശരിയാകും .നാളെ ലഡാക്കിൽ കാണാൻ പോകുന്ന സ്ഥലങ്ങളിലേക്ക് ഗവ: പെർമിറ്റ് എടുക്കണം, അവിടെ പോകാൻ ബൈക്ക് വാടകക്ക് എടുക്കണം. നാളെ ഉച്ചയോടെ ഇതെല്ലാം കഴിഞ്ഞ് ബൈക്കിൽ സ്ഥലങ്ങൾ കാണാൻ ഇറങ്ങണം. നുബ്ര വാലി, ഖർദുങ്ങ് ലാ, ഡിസ്ക്കിറ്റ്, ഹുണ്ടർ etc...

ലഡാക്ക് ഡയറീസ് 3






  മനാലിയിൽ രാവിലെ 5:30ന് ബസ്സ് ഇറങ്ങി നല്ല തണുപ്പ്, മഞ്ഞ്, ഇനി ലക്ഷ്യം ലെഹ്. രണ്ട് ബസുകളാണ് സർവ്വീസ് നടത്തുന്നത് ( hrtc) ആദ്യത്തെത് രാവിലെ 4 മണിക്ക് പോയി, ഇനി ഡെൽഹിയിൽ നിന്ന് വരുന്ന ബസ് തന്നെ ശരണം. പക്ഷെ അത് ഒരു ദിവസം മുഴുവനായി ഓടില്ല. കെയ്ലോങ്ങ് എന്ന ഗ്രാമത്തിൽ രാത്രി നിർത്തിയിടും പിറ്റേ ദിവസം രാവിലെ 5 മണിക്ക് അവിടുന്ന് എടുത്ത് രാത്രി 8 മണിയോടെ ലെഹ് സിറ്റിയിൽ എത്തുന്നു.മനാലി ബസ് സ്റ്റാന്റിലേക്ക് 3 km നടന്നു . രാവിലെ വിജനമായ റോഡിലൂടെ നടക്കുമ്പോൾ ഒരു വർഷം മുൻപ് ഞാൻ വന്ന സ്ഥലം, വൻ വിഹാർ പാർക്ക് എല്ലാം വീണ്ടും ഓർമ്മയിലേക്ക് വന്നു.  ആദ്യമായി ഒരു ഹിന്ദി മാത്രം അറിയുന്ന ഡ്രൈവറിനൊപ്പം ഞാനും കുട്ടികളും ഇവിടെ വന്നിറങ്ങിയത് രാത്രി 1:30 നായിരുന്നു ആ ഹോട്ടൽ ഓൾഡ് മനാലിയിലാണ്. ഒരു ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടുണ്ട് അത് ഉടനെ പുറപ്പെടും എന്ന് പറയുന്നു. കണ്ടക്ടറോട് ചോദിക്കാൻ തീരുമാനിച്ചു. വണ്ടിയിൽ കയറിക്കോ 3 മണിക്ക് കെയ്ലോങ്ങിൽ എത്തും എന്ന് പറഞ്ഞു- പിന്നെ ഒന്നും ആലോചിച്ചില്ല ഒരു ചായ മാത്രം കുടിച്ചു ബസിൽ കയറി. 20ന് തുടങ്ങിയ യാത്ര 23ന് വൈകുന്നേരും കെയ്ലോങ്ങിൽ എത്തും. അവിടെ  റൂമിൽ റെസ്റ്റ് എടുക്കാം, തത്കാലമൊരു ബ്രേക്ക്. 

ബസ് ഇനി റോത്താംഗ് പാസ് വഴിയാണ് പോകുന്നത് ഇതുവരെ അനുഭവിച്ച എല്ലാ കയറ്റവും ചെറുത്. ഇനി ഉയരം കൂടും തോറും ഓക്സിജൻ കുറയും, ഛർദി എല്ലാം വരാം. AMS (Acute Mountain sickness) പിടിപെടാം. ഞങ്ങൾ Diamox Tabletട വാങ്ങിയിരുന്നു, AMS വരാതിരിക്കാൻ പക്ഷെ രാവിലെ കഴിക്കാൻ മറന്നു പോയ്.ബസിൽ ഒരു  സ്ത്രീ ബോധം കെട്ട് അടുത്ത ആളുടെ മടിയിലേക്ക് മറിഞ്ഞു വീണു. ബസിൽ എല്ലാവരും സഹായിക്കാൻ ഓടി എത്തി. വെള്ളം കൊടുക്കുന്നു, വീശുന്നു. ഒരു ലാമ "പേടിക്കേണ്ട ശരിയാകും"എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു. ഹിമാചലി ലോഗ് അഛാ ഹെ. ബസ് രാവിലത്തെ ഭക്ഷണത്തിന് നിർത്തിയാൽ ഗുളിക കഴിക്കണം എന്ന് തീരുമാനമായി ഞങ്ങൾക്കും ഇത് സംഭവിച്ചാൽ ചെറിയ പേടി തോന്നി.10 മണിയോടെ Kokhsar എന്ന ഗ്രാമത്തിലെത്തി. റോത്താംഗ് പാസ് പകുതി മഞ്ഞ് പുതച്ചു കിടക്കുന്നു. എല്ലാവരും  പ്രഭാതഭക്ഷണം കഴിച്ചു. ഞാനൊരു മാഗിയിൽ ഒതുക്കി.ഇത്തരം യാത്രകളിൽ ലഘുഭക്ഷണമാണ്  നല്ലത്. വഴി നീളെ മനോഹരമായ കാഴ്ചകൾ, ചെറിയ ഗ്രാമങ്ങൾ. ചെറിയ ബുദ്ധിസ്റ്റ് ഫ്ലാഗുകൾ കെട്ടിയ പാലങ്ങൾ ,നദി എല്ലാം കണ്ടു. റോഡിലൂടെ സോളോ റൈഡേഴ്സ് ബുള്ളറ്റിൽ പറക്കുന്നു. KL രജിസ്ട്രേഷൻ ചെയ്ത ബൈക്കുകൾ. ഒരിക്കൽ ബുളറ്റിൽ വരണം എന്ന് മനസ് ആഗ്രഹിക്കുന്നു. ആദ്യത്തെ പ്ലാൻ ഇതായിരുന്നു . ദിവസം, സമയം, ചിലവ് എല്ലാം കൂടുതലായതിനാൽ മാറ്റി വെച്ചു. ലഡാക്കിൽ ബൈക്ക് ഓടിക്കാമല്ലോ എന്ന ആശ്വാസമാണ് ബാക്കി. 3 മണിയോടെ കെയ്ലോങ്ങ് എത്തി.ചെറിയൊരു ഗ്രാമം അത്യാവശ്യം കടകളൊക്കെയുണ്ട്. സ്റ്റാൻഡിൽ പിറ്റേ ദിവസത്തെ ലെഹ് ബസ് ടിക്കറ്റ് അന്വേഷിച്ചു. 6 മണിക്ക് ശേഷം വന്നാൽ  തരാമെന്ന് പറഞ്ഞു. ഇനിയൊരു റൂം കണ്ടെത്തണം 700 രൂപക്ക് ഒരു നല്ല റൂം. വിലപേശേണ്ടി വന്നു (ഞാനല്ല ശിവൻ) എനിക്കത് പരിചയമില്ല. കുളിച്ചു ഫ്രെഷ് ആയി. പുറത്തിറങ്ങി നല്ലൊരു ചൗമീൻ  കഴിച്ചു. റൂമിൽ റെസ്റ്റ് . നാളെ രാവിലെ 5 മണിക്ക് ലേഹ് ലേക്ക്. ഹോട്ടൽ വൈഫൈ കിട്ടിയപ്പോൾ നെറ്റ് നോക്കി മെസേജുകൾ അയച്ചു. 20ന് നാട്ടിൽ നിന്ന് പുറപ്പെട്ട് 23 ന് വൈകുന്നേരം റെസ്റ്റ്. നാളെയുടെ മറ്റൊരു വലിയ യാത്രക്ക് വേണ്ടി ...

ലഡാക്ക് ഡയറീസ് 2


  രാവിലെ എഴുന്നേറ്റപ്പോൾ ട്രെയിൻ മഹാരാഷ്ട്രയിലൂടെയാണ് പോകുന്നത് . കേരളത്തിലെ മഴയെ ട്രെയിനൊപ്പം കൊണ്ടുവന്ന പോലെ കൊങ്കൺ റൂട്ടിൽ മഴ തകർത്തു പെയ്യുന്നു. ഇന്നലെ രാത്രി ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങിയ മഴവെള്ളം ബാഗിനെ നനച്ചു. തുറന്ന് നോക്കി  പ്രശ്നമില്ല. എന്തെങ്കിലും കഴിക്കണം പാൻട്രി ഉള്ളതിനാൽ ഭക്ഷണം എപ്പോഴും ലഭിക്കും. ഇഡലി വടയിൽ ഒതുക്കി. രത്നഗിരി എത്തിയപ്പോൾ വടാപാവ് വിൽപ്പനക്കാരുടെ തിരക്ക്.   ഒന്നു വാങ്ങി രണ്ടു പേരും കൂടി കഴിച്ചു. ഇനി ഈ റൂട്ടിൽ തിരിച്ച് യാത്രയില്ല അതിനാൽ അവസരം നഷ്ടപ്പെടുത്തരുതല്ലോ. ഉച്ചക്ക് പൻവേൽ മഹാരാഷ്ട്രയിലെ എന്റെ സുഹൃത്തുക്കളോട് ഈ വഴി പോകുന്നുണ്ട് എന്നറിയിക്കാനായി ഒരു വാട്ട്സ് ആപ്പ് മെസേജ്. സത്യം അവർ ഞാൻ ഈ യാത്രക്ക് ഇറങ്ങി പുറപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല (എന്ന് തോന്നി ) ചില യാത്രകൾ  അങ്ങിനെയാണ്.

 3.30 ന് വസായ് റോഡ്. ട്രെയിൻ സ്റ്റോപ്പ് കുറവാണ്.  വഡോദരയിൽ രാത്രി എത്തിയപ്പോൾ നല്ല തിരക്ക് കുറേ പേർ ബർത്തിൽ കയറി കിടക്കുന്നു. ബാഗ് സൂക്ഷിച്ച് അടുത്ത് വെച്ച് എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിച്ചു LB ൽ കിടന്നു. ഒരു ഉറക്കം കഴിഞ്ഞപ്പോൾ നല്ല ബഹളം ആരോ മൊബൈൽ അടിച്ചു മാറ്റാൻ ശ്രമിച്ചു എന്ന് പറയുന്നു. ഒരുത്തനെ പിടിച്ചു ,പോലീസിൽ വിളിച്ചു പറയുന്നു,മൊത്തം ബഹളം  ഉറക്കം പോയി. പോലീസ് വന്ന് എല്ലാവരെയും കോട്ട സ്റ്റേഷനിൽ  ഇറക്കി വിട്ടു സമാധാനം. ഇനി ഡെൽഹി . മൂന്ന് മാസത്തിന് ശേഷം വീണ്ടും ഞാൻ ഡൽഹി സ്റ്റേഷൻ കാണുന്നു പക്ഷെ ഇറങ്ങുന്നില്ല. ചണ്ഡീഗഡ് എത്തണം ഡെൽഹി കഴിഞ്ഞതോടെ എല്ലാവരും ഇറങ്ങി തുടങ്ങി .അവസാന സ്റ്റേഷനിൽ എത്തുമ്പോഴെക്കും  കുറച്ച് പേർ മാത്രംട്രെയിനിൽ. ഇവിടെ നിന്ന് ബസ് സ്റ്റാന്റിലേക്ക് കുറച്ച് ദൂരമുണ്ട് . ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിൽ എത്തി. ഹിമാചൽ ട്രാൻസ്പോർട്ട് ബസ് മനാലിക്ക് പുറപ്പെടുന്നത് 6.48 നാണ്  ബസ് ബുക്കിംഗ് ഫുൾ. ഇനി 8 മണി വരെ കാത്തിരിക്കണം. 8 മണിയുടെ ബസ് രാവിലെ 6 മണിക്ക് മനാലി എത്തും. അവസാനം 8 മണിയുടെ ബസിൽ മനാലിയിലേക്ക്. രാത്രി ഉറക്കം ബസിൽ . തണുപ്പ് കൂടി വരുന്നു. ബാഗിൽ നിന്നും കോട്ട് എടുത്ത് ഒരു സീറ്റിൽ ഉറങ്ങാൻ ശ്രമം.  തണുത്ത മനാലിയിലേക്ക് പോകുന്ന ബസിൽ ഒരു രാത്രി .

Monday 23 August 2021

ലഡാക്ക് ഡയറീസ് 1

 Mountains are calling and I must go~


ജമ്മു കാശ്മീരിലെ ലഡാക്കിലേക്ക് പോകണം എന്നത് ആഗ്രഹിച്ചിരുന്നു. കുറേ പ്ലാനുകൾ തയ്യാറാക്കി പക്ഷെ അവസാനം മഴ വെള്ളപ്പൊക്കം വന്നപ്പോൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടി. എന്തായാലും പോകാൻ തന്നെ ഞാനും ശിവനും ( സുഹൃത്ത്) തീരുമാനിച്ചു. പക്ഷെ partially കാൻസലാക്കിയ ട്രെയിൻ മംഗലാപുരത്ത് ചെന്ന് കയറണം20 ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് കോഴിക്കോട് ഉച്ച 11:30 ന് എത്തി ഒരു പാസഞ്ചർ വണ്ടി മാത്രം ഓടുന്നു, അതിൽ പോയാൽ 8.15 PM ന് മംഗലാപുരം എത്തില്ലെന്ന് തോന്നി. അതിനിടയിലാണ് യശ്വന്ത്പൂരിൽ നിന്നുള്ള വണ്ടി എക്സ്പ്രസ് മംഗലാപുരത്തേക്ക് അനൗൺസ്മെന്റ്റ് വന്നു. ഹാപ്പി.! 5.30 PMന് അവിടെ എത്തും. 8.15 PM നാണ് മംഗലാപുരത്ത് നിന്ന് ട്രെയിൻ.  7.30 ന് മംഗലാപുരം ജംഗ്ഷനിൽ ട്രെയിൻ എത്തി.  സമ്പർക്ക് ക്രാന്തി എക്സ്പ്രസ് സ്റ്റേഷനിൽ കാത്ത് കിടക്കുന്നുണ്ട് . മംഗലാപുരം ജംഗ്ഷനിൽ ഹോട്ടലുകൾ കുറവാണ്. കിട്ടിയ ഭക്ഷണം കഴിച്ച് ട്രെയിനിൽ സീറ്റ് കണ്ടെത്തി. വണ്ടി കാലിയാണ്. ഇടക്ക് ചില നോർത്ത് ഇന്ത്യൻ ഫാമിലികൾ മാത്രം. എനിക്കും ശിവനും സീറ്റുകൾ ദൂരെയാണ്. രണ്ട് ദിവസം യാത്ര ചെയ്ത് ട്രെയിൻ ചണ്ഡീഗഡ് എത്തുന്നത് വരെ ഇവരാണ് കൂട്ട്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു പഞ്ചാബി ഓടി കിതച്ച് കയറി വന്നു, ട്രെയിൻ പിടിക്കാൻ 300 km വളഞ്ഞ് വരേണ്ടി വന്നു എന്നെല്ലാം പറയുന്നുണ്ട്. അമ്പാലക്കാണ് പുള്ളി പോകുന്നത്.  ജോലി ആവശ്യത്തിന് കേരളത്തിൽ വന്നതാണ്. നമ്മുടെ നാട് പഞ്ചാബിനേക്കാൾ മനോഹരമാണത്രെ! എല്ലാവരും നല്ലവർ !. പഞ്ചാബിനേക്കാൾ നല്ല കാലാവസ്ഥ എന്നൊക്കെ അടിച്ചു വിടുന്നു. എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചപ്പോൾ ലെഹ് ലേക്ക് എന്ന് പറഞ്ഞു. വലിയ യാത്രയാണ് എന്നൊക്കെ പറഞ്ഞു പഞ്ചാബി ചിരിച്ചു. ട്രെയിൽ പിടിക്കാൻ ഓടിയ ടെൻഷൻ , ക്ഷീണം കാരണം നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. ഈ വണ്ടി 22 ന് 5.30 pm ന് ചണ്ഡീഗഡ് എത്തും. അവിടെ ഇറങ്ങി മനാലി പിന്നെ ലെഹ് ബസ് യാത്ര. വണ്ടി 8.15 PM ന് പുറപ്പെട്ടു നല്ല മഴയും ഒപ്പം. ഉറക്കത്തിലേക്ക്...

Sunday 22 August 2021

പഹൽഗാമിന് വിട 9


  ഇന്നത്തെ യാത്രകളിൽ ഇഷ്ടപെട്ട ഒരു സ്ഥലമാണ്  അരുവാലി. അരുനദിയുടെ   തീരത്തുള്ള ചെറിയൊരു ഗ്രാമം. ഈ വാലിയും ഒരു ഷൂട്ടിംഗ് ലൊക്കേഷനാണ്. സൽമാൻ ഖാൻ അഭിനയിച്ച ബജ്രംഗി ബൈജാൻ. ട്രെക്കിംഗിന് പോകുന്നവരുടെ എല്ലാം ബേസ് ക്യാമ്പ് ഇവിടെയാണ്. ഇവിടെ നിന്ന് 3, 4 ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിംഗ് എത്ര രസകരമായിരിക്കും. ഒരിക്കൽ ശ്രമിക്കും, അന്ന് കൂടുതൽ ദിവസം നിൽക്കണം. എല്ലാ യാത്രയും അവസാനിക്കുമ്പോൾ ഇങ്ങിനെ ചില മോഹങ്ങൾ   തോന്നാറുണ്ട്. വീണ്ടും വരുമെന്ന് മനസ്സ് സ്വയം ആശ്വസിപ്പിക്കുന്നതാണ്. കുതിരപ്പുറത്ത് സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞവരോട് സ്നേഹപൂർവ്വം നിരസിച്ചു. മാർച്ച് മുതൽ സന്ദർശകർ ഇവിടെ ധാരാളമായി എത്തുന്നു. മഞ്ഞണിഞ്ഞ മലകൾ പൈൻ മരക്കാടുകൾ എല്ലാം കണ്ട് ആസ്വദിക്കുന്നു. ഒരു കടയിൽ കയറി ഗ്രീൻ ടീ കുടിച്ചു, മധുരം കുറവാണ്, കാശ്മീരി സ്റ്റൈൽ ആകും. സമയം കൂടുതലായെന്ന് തോന്നുന്നു ഡ്രൈവർ തിരഞ്ഞ് വരുന്നുണ്ട്. അയാളുടെ വീടും ഇതിനു അടുത്തുള്ള ഗ്രാമത്തിലാണ്. മഞ്ഞ് വന്ന് മൂടിയാലും അവർ ഗ്രാമം വിട്ട് പോകാറില്ല. പ്രകൃതിയുമായി പരസ്പര സഹകരണത്തോടെ അവർ ജീവിക്കുന്നു. ബഹുമാനം തോന്നി. കാശ്മീരിന് പുറത്തേക്ക്  അയാൾ യാത്ര ചെയ്തിട്ടില്ല. മൂന്ന് നാല് കുട്ടികളുണ്ട് അവർ സ്കൂളിൽ പഠിക്കുന്നു. വണ്ടിയിൽ കയറി. 1 മണി കഴിഞ്ഞു ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിച്ച് ഇറങ്ങണം. തിരിച്ചു ജമ്മുവിലേക്ക് ബസിൽ.  ഇനി ബസിൽ ഇരുന്ന് കാഴ്ചകൾ കാണാം. ആധുനികത എത്തിച്ചേരാത്ത ഗ്രാമങ്ങൾ .ഒരു വശത്ത് കൂടി ലിഡർ നദി ഒഴുകുന്നു. കുറച്ച് ഉരുളൻകല്ലുകൾ പെറുക്കി എടുക്കണമെന്ന് തോന്നിപ്പോയി ഓർമ്മക്കായി. ഇടക്ക് ടയർ പഞ്ചറായി ടയർ മാറ്റാനായി അര മണിക്കൂർ. ബസ് പോകുന്നത്  മുഗൾ റോഡിലൂടെ, ടണലുകളും, അപകടകരമായ കയറ്റ ഇറക്കങ്ങളുമുള്ള വഴി. കുറേ വ്യൂ പോയിന്റ്‌കൾ വഴിയിലുണ്ട്. ഇടക്ക് വലിയൊരു ടണലിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു. വഴിയിലൂടെ ആടുകളുമായി ഗുജ്ജറുകൾ കയറി വരും, വണ്ടി ബ്ലോക്കിൽ പെടും. ഇതിങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു. കാശ്മീരിൽ മഞ്ഞ് വീഴുമ്പോൾ മല ഇറങ്ങുന്ന ഇവർ മഞ്ഞ് ഉരുകാൻ തുടങ്ങുന്നതോടെ തിരിച്ച് മല കയറാൻ തുടങ്ങും. ഈ യാത്ര തന്നെയാണ് ഇവരുടെ ജീവിതവും. സ്ത്രീകളും, കുട്ടികളും, നായ്ക്കളുമായി എവിടെയെങ്കിലും തമ്പടിക്കും താമസിക്കും. കുട്ടികൾ യാത്രയിലായതിനാൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എങ്കിലും ഗവൺമെന്റ് സഞ്ചരിക്കുന്ന സ്കൂളുമായി ഇവരുടെയൊപ്പം എത്തുന്നു. ഇതിലൊന്നായിരുന്നു ആസിഫ എന്ന പെൺകുട്ടി. ജമ്മുവിലേക്ക് അർദ്ധരാത്രിയോടെ എത്തുമായിരിക്കും ഇടക്ക് ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തും.3 ദിവസമായി നടന്ന യാത്രക്ക് തിരിച്ച് ജമ്മുവിൽ അവസാനം . ജമ്മുവിൽ നാളെ രാവിലെ കുറച്ച് ഷോപ്പിംഗിന് സമയമുണ്ട്. 2 മണിക്ക് ട്രെയിൻ ഡെൽഹിക്ക്. ഡെൽഹിയിൽ നിന്ന് മംഗള ഷൊർണൂരിലേക്ക് . എ.സി ടിക്കറ്റ് കൺഫേം ആണ്. ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്ത് നടപ്പാക്കിയ ജുനൈസിനും, മയൂര ഹോളിഡേയ്സിനും, ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കിയ ഇക്കമാർക്കും, ഒപ്പം നടന്ന എല്ലാ അംഗങ്ങൾക്കും നന്ദി.

photos Sreedev,Anand.


അവസാനമായി - ഹിമാലയൻ പാതകളിലൂടെ  സ്വന്തം ബുള്ളറ്റിൽ യാത്ര ചെയ്യണം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം.

അബ്ദുൾ കലാമിന്റെ വാക്കുകൾ കടമെടുത്താൽ ഇങ്ങനെ ~ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നങ്ങൾ മറിച്ചു നമ്മുടെ ഉറക്കം കെടുത്തുന്നതാണ്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും എന്ന് പ്രതിക്ഷിച്ചു കൊണ്ട്. Bye.

പഹൽഗാം ~ Valley of Paradise. 8

 








കാശ്മീരിൽ വന്നിട്ടുണ്ടെങ്കിൽ ഈ സ്വർഗ്ഗതാഴ് വാരം തീർച്ചയായും കണ്ടിരിക്കണം. കാശ്മീരിലെ ഗ്രാമ ജീവിതം, സാധുക്കളായ ജനങ്ങൾ, അവരുടെ ഹൃദ്യമായ പെരുമാറ്റം എല്ലാം ഇവിടെ അനുഭവിച്ചറിയാം. എന്റെ ഈ യാത്രയിൽ ഇത്തരം  നാട്ടുകാരുമായി ഇടപെടുന്നതിനുള്ള അവസരം കുറവായിരുന്നു എന്നത് ചെറിയ ദു:ഖമായി അവശേഷിക്കുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ   ചൂട് ക്രമീകരിക്കാനുള്ള സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ ഉണർന്ന് പ്രഭാത ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ തന്നെ ഡ്രൈ ഫ്രൂട്ട്സ് , വാൽ നട്ട്സ് എന്നിവ വിൽക്കുവാനായി പലരും എത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് പ്രധാനമായും കാണാനുള്ളത് മൂന്ന് വാലികളാണ്. ചന്ദൻ, ബേത്താബ്, അരു. 12 പേർക്ക് ഇരിക്കാനുള്ള വണ്ടി ഏർപ്പാട് ചെയ്തിട്ടുണ്ട്. കുത്തനെയുള്ള കയറ്റങ്ങൾ ചെറിയ റോഡ്. ആദ്യം ചന്ദൻ വാലിയിലേക്ക്. അമർനാഥ് തീർത്ഥാടനം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ജൂൺ പകുതിയോടെ മാത്രമാണ് യാത്ര തുടങ്ങുക. ഏപ്രിൽ മെയ് മാസങ്ങളിൽ വാലി മഞ്ഞ് മൂടി കിടക്കും. കയറ്റം കയറും തോറും ദൃശ്യഭംഗി കൂടി വരുന്നുണ്ട്. ദൂരെ മഞ്ഞ് പുതച്ച് മലകൾ. ഗ്രാമപ്രദേശത്തെ  ജീവിതം എവിടെയും കാണാം. ആടുവളർത്തലാണ് പ്രധാന ജിവിത മാർഗ്ഗം. രസകരമായ കാര്യം എവിടെയും സ്ത്രീകളെ അധികം പുറത്ത് കാണാൻ സാധിക്കില്ല എന്നതാണ്. മതപരമായി ജീവിതം നയിക്കുന്നതു കൊണ്ടാകാം. ഡ്രൈവർ നാട്ടുകാരനായതിനാൽ നല്ല വേഗത്തിലാണ് ഡ്രൈവിംഗ് . ഒടുവിൽ റോഡ് അവസാനിച്ചു ഗവൺമെന്റ് അമർനാഥ് യാത്രക്കാർക്കായി  തയ്യാറാക്കിയ ചില സംവിധാനങ്ങൾ കണ്ടു.  കരകൗശല വസ്തുക്കൾ ,ആഭരണങ്ങൾ വിൽക്കുന്ന കടകൾ. ഒരു മണിക്കൂർ ഇവിടെ ചിലവഴിക്കാം. മഞ്ഞിൽ ഇറങ്ങണമെങ്കിൽ ബൂട്ട് വേണം, ഞങ്ങളുടെ ഒപ്പമുള്ള സിബ്ഗത്ത് ഇക്ക  പിശകി ഒരാൾക്ക് 50 രൂപക്ക് ബൂട്ട് തരാമെന്നായി. സിബ്ഗത്ത് ഭായി നല്ലൊരു യാത്രികനാണ്, യൂറോപ്പിലൂടെ പത്ത് പന്ത്രണ്ട് രാജ്യങ്ങളിലും ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെല്ലാം പോയിട്ടുണ്ട്. ഇനി അമേരിക്കയിലേക്കുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് നേരം ചെറിയ വെയിലിൽ മഞ്ഞിൽ ഇരുന്നും, നടന്നും ആസ്വദിച്ചു. ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഇനി ബേത്താബ് വാലിയിലേക്ക്.., 1983 ലെ സണ്ണി ഡിയോൾ അഭിനയിച്ച  Betaab എന്ന ഹിന്ദി സിനിമയുടെ ലൊക്കേഷനാണ്. ഇവിടെ നിന്ന് എങ്ങിനെ ഫോട്ടോ എടുത്താലും അത് പ്രകൃതി എന്ന സ്റ്റുഡിയോ തന്നെ നമുക്ക് മനോഹരമാക്കി തരും. കുറച്ച് ഫോട്ടോ എടുത്തു. അരുവാലിയിലേക്ക് അര മണിക്കൂർ യാത്ര..,

പഹൽഗാമിലേക്കുളള യാത്രയിൽ... 7

 

മനം കുളിർത്താണ് ഗുൽമാർഗ് വിട്ട് തിരിച്ചിറങ്ങിയത്. മണ്ണിലും,മരങ്ങളിലെയും മഞ്ഞ് തുള്ളികൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. ഇനി പഹൽഗാമിലേക്ക്. 140 Km ദൂരം, ഏകദേശം 4 മണിക്കൂർ എടുക്കുമെന്ന് ഗൂഗിൾ പറയുന്നു.  അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം. അനന്ത് നാഗിനെ ഇസ്ലാമാബാദ് എന്നും ചിലർ വിളിക്കുന്നു, ഇവിടെ വെച്ചാണ് ഝലം നദി രൂപം കൊള്ളുന്നത്. മുഗൾ ഭരണകാലത്ത് സുൽത്താൻ സിക്കന്തർ ബുറ്റ്ഷികാൻ ജില്ലയിലെ പ്രാചീന എടുപ്പുകളെ എല്ലാം നശിപ്പിച്ചിരുന്നു. അവശേഷിച്ച മാർത്താണ്ഡ(സൂര്യ) ക്ഷേത്രം പുരാവസ്തു ക്ഷേത്രങ്ങളിലൊന്നായി ഇപ്പോഴും നിലനിൽക്കുന്നു. പൈൻ മരങ്ങളും, മഞ്ഞണിഞ്ഞ കുന്നുകളും കൊണ്ട് മനോഹരമായ ഗ്രാമമാണ് പഹൽഗാം. നിരവധി ബോളിവുഡ് സിനിമാ ഷൂട്ടിംഗുകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട്. ഒരിക്കൽ ആട്ടിടയന്മാരുടെ മാത്രം ഗ്രാമം ഇന്ന് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് .  

ശ്രീനഗർ ഹൈവേക്ക് ഇരുവശവും കടുക്, കുങ്കുമപ്പൂവ് എന്നിവ കൃഷി ചെയ്യുന്ന പാടങ്ങൾ. എത്ര സമയം യാത്ര ചെയ്താലും കണ്ണെടുക്കാൻ മടിക്കുന ഭൂപ്രകൃതി. ബസ് വേഗം കുറച്ചു നല്ലൊരു ബ്ലോക്കിൽ പെട്ടിരിക്കയാണ്.  ഹൈസ്കൂൾ പ്രായത്തിലുള്ള എട്ട് പത്ത് പെൺകുട്ടികളുടെ  പ്രതിഷേധ പ്രകടനമാണ് . ആർമിയും പോലീസും സംയുക്തമായി ഇടപെട്ട് പെട്ടെന്ന് തന്നെ വാഹനങ്ങളെ നിയന്ത്രിച്ച് വിടുന്നുണ്ട്. പതുക്കെ ബ്ലോക്ക് കടന്ന് വണ്ടി നീങ്ങി നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കുങ്കുമപ്പാടങ്ങൾ. ഇവിടങ്ങളിലായി കുങ്കുമപ്പൂവ് വിൽക്കുന്ന കടകൾ കാണാം. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന് പ്രശസ്തമാണ് അനന്ത് നാഗ്. ബാറ്റ് വിൽക്കുന്ന കടയിൽ കയറി കുട്ടികൾക്ക് ബാറ്റ് വാങ്ങി. നല്ല ക്വാളിറ്റി വില കുറവാണ് . ഇനി യാത്ര പഹൽഗാം ഗ്രാമത്തിലൂടെ, ചെറിയ റോഡുകളാണ്. 6 മണിയോടെ ഭക്ഷണ സാമഗ്രികൾ വാങ്ങാനായി നിർത്തിയപ്പോൾ ഒന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പഴയ കടകളുള്ള ചെറിയൊരു അങ്ങാടി. ഞാനും ഷൗക്കത്ത് ഇക്കയും ഒരു കടയിൽ കയറി കാശ്മീരി റൊട്ടി വാങ്ങി. വണ്ടിയിൽ കയറിയാണ് രുചി നോക്കിയത് . അബദ്ധം പറ്റി എന്തു സ്വാദാണെന്ന് ഒരു പിടിയുമില്ല😊 പരത്യേകിച്ച് ഒരു രുചിയും ഇല്ല. എങ്ങിനെയാവും ഇവർ ഇത് കഴിക്കുന്നത്! നാട്ടുകാർ വാങ്ങുന്നത് കണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. 8 മണിക്ക് ഹോട്ടലിൽ എത്തിക്കാണും. തണുപ്പ് കുറച്ച് കുറവുണ്ടെന്ന്  ആശ്വസിക്കാം  8 ഡിഗ്രി സെൽഷ്യസ് .രാത്രി ഭക്ഷണം കഴിച്ചു. തണുപ്പ് വീണ്ടും താഴും. നാളെ ഇവിടെ നിന്ന് വേറെ വണ്ടിയിൽ സ്കോർപ്പിയോയിൽ സ്ഥലങ്ങൾ കാണാൻ പോണം. അരുവാലി, ബേത്താബ് വാലി, ചന്ദൻ വാലി.,

പഹൽഗാമിലേക്ക് 6

 

ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന് പ്രസിദ്ധമാണ് കാശ്മീർ . വില്ലോ മരത്തിൽ നിന്നും എടുക്കുന്ന തടി കഷ്ണങ്ങൾ ഒമ്പത് മാസത്തോളം സൂക്ഷിച്ച് വെച്ച് മനോഹരമായ ബാറ്റുകളായി മാറുന്നു. വില്ലോ തടി കഷ്ണങ്ങൾ അടുക്കി വെച്ച സ്ഥലങ്ങൾ ധാരാളമായി യാത്രയിൽ കാണാം. ഇവിടെ ബാറ്റ് നിർമ്മാണം കുടിൽ വ്യവസായമാണ്. ലോകത്തിലെ എവിടേക്കും , ഏത് ബ്രാൻഡുകൾക്ക് വേണ്ടിയും നിർമ്മാണം നടക്കുന്നു.  ബാറ്റ് വിൽക്കുന്ന ഒരു കടയിലെ കാഴ്ച.

ഫോട്ടോ - ഷൗക്കത്ത് 

മഞ്ഞിൽ മുങ്ങി ഗുൽമാർഗ് 5

 

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഗുൽമാർഗ്. സമുദ്രനിരപ്പിൽ നിന്നും 8694 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഗുൽമാർഗ് എന്നാൽ പൂക്കളുടെ മേട് എന്നർത്ഥം. ബ്രിട്ടീഷുകാർ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സ് ഇവിടെയാണ്.കൂടാതെ ഫ്രഞ്ച് എഞ്ചിനീയർമാർ പണിത ലോകത്തിലെ ഉയരത്തിലുള്ള റോപ്പ് വേകളിൽ ഒന്ന് ഇവിടെ പ്രവർത്തിക്കുന്നു. ഞങ്ങൾ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. പുറത്ത് കാശ്മീരി തൊപ്പികളും, കോട്ടുകളുമായി കച്ചവടക്കാർ ധാരാളം. ഇന്നലെ മഴയായതിനാൽ ആരെയും കണ്ടിരുന്നില്ല. റൂം ചെക്ക് ഔട്ട് ചെയ്യുകയാണ് ശ്രീനഗറിനോട് വിട. 8 മണിക്ക് മുമ്പ് പട്ടണത്തിൽ നിന്നും പുറത്ത് കടക്കണം. ചെറിയ പട്ടണമായതിനാൽ ട്രാഫിക്ക് നിയന്ത്രിക്കാനുള്ള നിയമമാണ്. ഇറങ്ങിയപ്പോൾ 8 മണി കഴിഞ്ഞു കാണും, വഴിയിൽ പോലീസ് കൈകാണിച്ചു നിർത്തി ഡ്രൈവറോട് വാച്ച് നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ്സ് ആയതിനാൽ പ്രശ്നമില്ലെന്ന് തോന്നുന്നു പൊയ്ക്കോളാൻ സിഗ്നൽ തന്നു. ഗുൽമാർഗിലേക്ക് ഇവിടെ നിന്ന് 54km ദൂരം, ചെറുതായി വെയിൽ പരക്കുന്നു നല്ലകാലാവസ്ഥ. ബാരാമുള്ളയിലൂടെയുള്ള ദേശീയ പാതയിൽ കനത്ത മിലിട്ടറി സ്വാധീനം കാണാം. ഇതിനിടയിലും ജനജീവിതം സുഗമമായി നീങ്ങുന്നു. ഗ്രാമപ്രദേശത്ത് കൂടിയാണ് യാത്ര. ദൂരെ മഞ്ഞണിഞ്ഞ പർവ്വതനിരകൾ ദൃശ്യമാകാൻ തുടങ്ങി. എല്ലാവരുടെ മുഖവും ഭൂപ്രകൃതിയും മുന്നിൽ തെളിഞ്ഞ് വരുന്നു.  ഹിൽ സ്റ്റേഷനിൽ കയറുന്നതിന് മുൻപ് കോട്ടും മഞ്ഞിൽ നടക്കാനുള്ള ബൂട്ടും വാടകക്ക് എടുക്കണം. ഒരാൾക്ക് രണ്ടും കൂടി 300 രൂപ. എല്ലാവരും കോട്ടിനുള്ളിൽ പുതുരൂപത്തിൽ.കയറ്റം കയറുംതോറും റോഡിന് ഇരുവശത്തുമുള്ള ദേവതാരു വൃക്ഷങ്ങളിൽ മഞ്ഞ് വീണ് കിടക്കുന്നു. ഇലകളിൽ നിന്നും അടർന്നു വീഴുന്നുമുണ്ട്. വണ്ടിയിൽ ഇരുന്ന് മനോഹരമായ കാഴ്ച കൺകുളിർക്കെ ആസ്വദിച്ചു. കുറച്ച് ദൂരം കൂടി പോയി വണ്ടി ഗോൾഫ് കോഴ്സിന് മുന്നിലായി പാർക്ക് ചെയ്തു. എല്ലാ ഭാഗവും, നോക്കുന്നിടമെല്ലാം മഞ്ഞിൽ പുതച്ച് കിടക്കുന്നു. ഇന്നലത്തെ മഴ ഇവിടെ അപ്രതീക്ഷിത മഞ്ഞുവീഴ്ചക്ക് കാരണമായി. ഇത്തരമൊരു ദൃശ്യം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമേ ഇവിടെ കാണാൻ സാധിക്കു. ഇന്നലെ ശല്യപ്പെടുത്തിയ മഴ ഇന്ന് വിട്ടുനിന്ന് നല്ലൊരു കാഴ്ചയൊരുക്കി.  ഇനി കേബിൾ കാർ സ്റ്റേഷൻ എവിടെയെന്ന് കണ്ടെത്തണം'.ഷൗക്കത്ത് ഇക്കയും കുടുംബവും ഒപ്പമുണ്ട്. കുതിരക്കാരും ഗൈഡുകളും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു. തൊട്ട് അടുത്ത് ചെറിയൊരു അമ്പലം അവിടേക്ക് പോകാമെന്നായി. ഒരു ചങ്ങാതിയും ഒപ്പം കൂടി. 300 രൂപ തന്നാൽ മതി ഗൈഡായി വരാം എല്ലാ സ്ഥലവും കാണിക്കാം എന്നായി. ശരി പോകാം എന്ന് പറഞ്ഞു . നാട്ടുകാരൻ ഗൈഡ് പെട്ടെന്ന് ആക്ടീവ് ആയി. വയസ്സായവരെ ഒപ്പം പിടിച്ച് നടത്തുന്നുണ്ട് കുറേ ദൂരം മഞ്ഞിൽ നടന്നു. ചെറിയൊരു കുന്നിൻ മുകളിൽ എത്തി ദൂരെ കേബിൾ കാർ സ്റ്റേഷൻ കാണിച്ചു തന്നു പോകണോ? വീണ്ടും കുറേ ദൂരം പോകണം വേണ്ടെന്ന് വച്ചു. കേബിൾ കാറിൽ മുകളിലെത്തിയാലും ഇതൊക്കെ തന്നെയല്ലേ കാഴ്ച എന്ന് ആശ്വസിച്ചു. കുറച്ച് നേരം ഐസ് പരസ്പ്പരം എറിഞ്ഞ് ഒരു കളി. തിരിച്ച് ഇറങ്ങിയപ്പോൾ സ്ഥിതി മാറി, സ്ലിപ്പ് ആയി വീഴാത്തവരായി ആരും ബാക്കിയില്ല😊.  വീണ്ടും ഒന്ന് ചുറ്റിക്കറങ്ങി ഒരു കടയിൽ കയറി നല്ല ചൂട് കാപ്പി കുടിച്ചു. ഭക്ഷണം റെഡിയാണ് കഴിക്കാൻ വിളിക്കുന്നു. നല്ല ചിക്കൻ ബിരിയാണി സുഖമായി കഴിച്ചു. വണ്ടിയിൽ തിരിച്ചെത്തി. ഷൗക്കത്ത് ഇക്കയും കുടുംബവും കേബിൾ കാറിലൊക്കെ കയറി തിരിച്ചെത്തിയിരുന്നു. ഞങ്ങൾ ഒപ്പം വരുമെന്ന് കരുതി.. സോറി ഇടയിൽ വഴി പിരിഞ്ഞു പോയി. ഇനി മടക്കയാത്ര പഹൽഗാമിലേക്ക് .

ദാൽ തടാകത്തിലെ ഒരു രാത്രി 4


 കാശ്മീരിന്റെ ഹൃദയമാണ് ദാൽ തടാകം. 22 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ട്. ഹിമം മൂടിയ പിർ പഞ്ചാൽ മലനിരകൾക്ക് താഴെ, താഴ് വരകളിലെ വെടിയൊച്ചകളിൽ നിന്നകന്ന് ശാന്തമായി ദാൽ., ഇവിടുത്തുകാരുടെ ജീവിതം തടാകവുമായി അടുത്ത് കിടക്കുന്നു. എന്തുകൊണ്ടാണ് കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമാകുന്നത് എന്നതിനുള്ള ഒരു മറുപടിയാകുന്നു തടാകം. ഞങ്ങൾ ഒരു രാത്രി മാത്രം തങ്ങാനുള്ള അവശ്യസാധനങ്ങളുമെടുത്ത് ഇറങ്ങി. തടാകക്കരയിൽ രണ്ട് മൂന്ന് ശിക്കാരകൾ കാത്തു നിൽക്കുന്നു. അധികം ലഗേജ് വെക്കാൻ സ്ഥലമില്ല കഷ്ടിച്ച് 5 പേർക്ക് ഇരിക്കാം. മഴ ശമിച്ചപ്പോൾ തടാകത്തിന്റെ മനോഹര മുഖം ദൃശ്യമാകാൻ തുടങ്ങി. കുറച്ച് ദൂരം യാത്ര ചെയ്താൽ താമസിക്കാനുള്ള ഹൗസ് ബോട്ടിൽ എത്തും. ബോട്ട് എന്നത് ഇവിടുത്തുകാരുടെ വീട് തന്നെയാണ്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളെപ്പോലെ ഒഴുകുന്നവയല്ല, സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ഉറപ്പിച്ചിരിക്കുന്നതാണ്.  ഷിക്കാര തുഴയുന്നവരുമായി ചെറിയൊരു സംഭാഷണം നടന്നു. അയാൾ ഈ ദാൽ തടാകവും താഴ് വരകളും വിട്ടു പുറത്തു പോയിട്ടില്ല, ഇനി പോകാൻ ആഗ്രഹവും ഇല്ലെന്നാണ് പറയുന്നത് നല്ല വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടെങ്കിലും കാശ്മീരിന് പുറത്തൊരു ജീവിതം അവർ ആഗ്രഹിക്കുന്നില്ല. ഷിക്കാര വലിയൊരു ഹൗസ് ബോട്ടിനോട് അടുത്തു. ലഗേജ് ഇറക്കി പുറത്തിറങ്ങി. തോണിക്കാരൻ തടാകത്തിലൂടെ ഒന്നു ചുറ്റിക്കറങ്ങാൻ വിളിക്കുന്നുണ്ട്. പോകണം എന്ന് മനസ്സ് പറയുന്നെങ്കിലും ശരീരം അനുവദിക്കുന്നില്ല. ഈ യാത്രയിൽ പിന്നീട് നഷ്ടബോധം തോന്നിയ ഒരേയൊരു സംഭവം , തടാകത്തിലെ ജീവിതം ചലിക്കുന്നത് നേരിട്ടു കാണാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.റെസ്റ്റ് എടുക്കാൻ തന്നെ തീരുമാനിച്ചു. ഹൗസ് ബോട്ട് എങ്ങിനെയെന്ന് ചിത്രങ്ങൾ പറയും.  മുറികൾ ഒരേയൊരു പ്രശ്നം ബെഡ് ചൂടാക്കാനുള്ള മൈക്രോ വേവ് ഓവൻ ഇല്ല😊.  ബോട്ട് ഉടമയുമായി സംസാരിച്ചപ്പോൾ ഏപ്രിൽ മാസങ്ങളിൽ അതിന്റെ ആവശ്യം വരാറില്ല എന്നായിരുന്നു മറുപടി, ഈ മഴ അവരും പ്രതിക്ഷിച്ചതല്ല. രാത്രി തണുപ്പ് കടുത്തതായി അനുഭവപ്പെട്ടു. ഇടക്ക് ഒരു കച്ചവടക്കാരനും വന്നു കയറി. വള, കമ്മൽ, മാല കരകൗശല വസ്തുക്കൾ. വളരെ പെട്ടെന്ന് നല്ലൊരു കച്ചവടം തന്നെ നടന്നു. കാശ്മീരി ഹാപ്പി, നമ്മളും . രാത്രി ഭക്ഷണം നമ്മുടെ ടീം തയ്യാറാക്കി ബോട്ടിൽ കൊണ്ടുവന്നു തന്നു.  അവരെ സമ്മതിക്കണം രാത്രി 9 മണിക്ക് ഷിക്കാരയിൽ ഓരോരുത്തരുടെയും ബോട്ട് നോക്കി കണ്ടെത്തി ഭക്ഷണം എത്തിക്കണം. ചങ്ങായിമാർക്ക് ഒരു ബിഗ് സല്യൂട്ട്. നാളെ രാവിലെ 7 മണിക്ക് തിരിച്ച് ഹോട്ടലിൽ എത്തി ഗുൽമാർഗിലേക്ക് പുറപ്പെടും.  ബോട്ടിന്റെ മുതലാളിയുമായി എല്ലാവരും ചറപറാ വർത്തമാനം ഹിന്ദി, ഇംഗ്ലീഷ്  അവസാനം ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.  നാളെ ഗുൽമാർഗിൽ. അപ്രതീക്ഷിതമായ മറ്റൊരു ട്വിസ്റ്റ് പ്രകൃതി ഒരുക്കി കാത്തിരിക്കുന്നു. Surprise.. 

മഴയിൽ കുതിർന്ന ടുലിപ്പ് പുഷ്പങ്ങൾ 3


 പ്രകൃതി തന്നെ കനിഞ്ഞ് നൽകിയ സൗന്ദര്യം ഉള്ളപ്പോൾ എന്തിന് മറ്റ് പൂന്തോട്ടങ്ങൾ. എവിടെ നോക്കിയാലും പൂക്കൾ നിറഞ്ഞ താഴ് വരകൾ. മുഗൾ ഗാർഡൻ കാണാനുള്ള യാത്രയിലാണ്.ദാൽ തടാകത്തെ ചുറ്റിയാണ് യാത്ര.ബസ്സിൽ നിന്നും കാണുന്ന കാഴ്ചകളെ മഴയും മഞ്ഞും മറക്കുന്നുണ്ട്. ദാൽ തടാകത്തിന് കിഴക്കായി  Nishat Bagh (garden of Joy) എന്ന മുഗൾ ഗാർഡനിലേക്ക്'. 1633ൽ നൂർജഹാന്റെ മൂത്ത സഹോദരൻ ആസിഫ് ഖാൻ നിർമ്മിച്ചതാണി ഗാർഡൻ.  ഷാജഹാന്റെ ഭരണകാലത്ത് ഇവിടേക്കുള്ള  വെള്ളം ( ജലധാര പ്രവർത്തിപ്പിക്കാൻ ) തടയുകയും പിന്നീട് കുറച്ചു കാലം  ഗാർഡൻ അടച്ചിടുകയുമുണ്ടായി. ആസിഫ് ഖാന്റെ ഇഷ്ടത്തിന് വഴങ്ങി ഷാജഹാൻ കുറച്ച് കാലത്തിന് ശേഷം തുറന്ന് കൊടുക്കുകയായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ ദാൽ തടാകത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഷിക്കാരകൾ കാണാം. ചെറുതായി വെയിൽ വന്നു തുടങ്ങിയിരുന്നു. ഗാർഡൻ ചുറ്റി നടന്നു കണ്ടു. കുറച്ച് ഫോട്ടോ എടുത്തു തിരികെ വണ്ടിയിലേക്ക്. നല്ലകാലാവസ്ഥ എന്ന് പറഞ്ഞു തീർന്നില്ല അപ്പോഴതാ കനത്ത മഴ. ടുലിപ്പ് ഗാർഡൻ കാണണം ഇങ്ങിനെയെങ്കിൽ കാര്യം കഷ്ടം തന്നെ. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പുഷ്പങ്ങളുടെ വാലി . 30 ഏക്കറിലോളം പരന്ന് കിടക്കുന്നു. 2007ലാണ് ഗാർഡൻ തുറന്നത്, ഏപ്രിൽ മാസങ്ങളിൽ ടുലിപ്പ് ഫെസ്റ്റിവൽ സർക്കാർ നടത്തുന്നുണ്ട്, ടൂറിസ്റ്റുകളെ ആകർഷിക്കാനായി. ഏപ്രിൽ മെയ് മാസങ്ങളിലാണ് കാണാൻ പറ്റിയ ദിനങ്ങൾ. നടന്ന് കാണണം  . വണ്ടി പാർക്കിംഗിൽ നിർത്തി കുറച്ചു നടന്നപ്പോഴേക്കും തണുപ്പും മഴയും കൂടി, സോക്സ്, ഡ്രസ് മൊത്തം നനഞ്ഞു തുടങ്ങി. എങ്ങിനെയോ അവിടെ എത്തി ടിക്കറ്റ് എടുത്തു അകത്ത് കടന്നു. നോക്കെത്താ ദൂരത്തോളം പുഷ്പങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. നടക്കും തോറും മണ്ണും ചളിയും, മിക്കവരുടെയും ആവേശം കെട്ടു തുടങ്ങി. എങ്ങിനെയെങ്കിലും തിരിച്ചു വണ്ടിക്ക് അടുത്ത് എത്തണം എന്നായി ചിന്ത. തണുത്ത് വിറച്ച് ഫോട്ടോ എടുക്കാൻ പോലും ബുദ്ധിമുട്ടി. കൊണ്ടുവന്ന/ ധരിച്ച കോട്ടുകളുടെ പരിതാപകരമായ അവസ്ഥ, അവയൊന്നും ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നില്ല. പാർക്കിംഗിൽ എത്തിയപ്പോൾ ഗൈഡ് ജുനൈസ് ഭായി കുട്ടികളെ ഈ തണുപ്പത്ത് നല്ലവണ്ണം ശ്രദ്ധിക്കണമെന്ന നിർദ്ദേശവും തന്നു. ഗൗതമിനെ എടുത്തു നടന്നതിനാൽ അവൻ അധികം നനഞ്ഞിരുന്നില്ല. ഭക്ഷണം കഴിച്ച ഓർമ്മയൊന്നുമില്ല, വേഗം വണ്ടിയിൽ കയറി. ചിക്കൻ കഴിച്ചാൽ ശരീരത്തിന് പ്രതിരോധിക്കാനുള്ള ചൂടു കിട്ടുമെന്ന് ആരോ പറഞ്ഞിരുന്നു, കുറച്ചൊക്കെ ശരിയെന്ന് തോന്നി. ഇന്നത്തെ പരിപാടി 3:30 ഓടെ അവസാനിപ്പിക്കുക എന്ന് എല്ലാവരും പെട്ടെന്ന് തന്നെ തീരുമാനത്തിൽ എത്തി. ശങ്കരാചാര്യ ടെമ്പിൾ കാണാൻ പോയാൽ തണുത്തു ചാവും എന്നുറപ്പ്😊 പിന്നീട് എപ്പോഴെങ്കിലും  സാധിക്കുമെങ്കിൽ കാണാം. ഇന്നത്തെ രാത്രി ദാൽ തടാകത്തിൽ ഹൗസ് ബോട്ടിലാണ് താമസം. തണുപ്പിന് ശമനം കിട്ടുമെന്ന പ്രതീക്ഷയും അസ്തമിച്ചു.  തിരിച്ചു ഹോട്ടല്ലിലേക്ക് ..