Sunday 22 August 2021

മഞ്ഞിൽ മുങ്ങി ഗുൽമാർഗ് 5

 

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഗുൽമാർഗ്. സമുദ്രനിരപ്പിൽ നിന്നും 8694 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഗുൽമാർഗ് എന്നാൽ പൂക്കളുടെ മേട് എന്നർത്ഥം. ബ്രിട്ടീഷുകാർ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സ് ഇവിടെയാണ്.കൂടാതെ ഫ്രഞ്ച് എഞ്ചിനീയർമാർ പണിത ലോകത്തിലെ ഉയരത്തിലുള്ള റോപ്പ് വേകളിൽ ഒന്ന് ഇവിടെ പ്രവർത്തിക്കുന്നു. ഞങ്ങൾ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. പുറത്ത് കാശ്മീരി തൊപ്പികളും, കോട്ടുകളുമായി കച്ചവടക്കാർ ധാരാളം. ഇന്നലെ മഴയായതിനാൽ ആരെയും കണ്ടിരുന്നില്ല. റൂം ചെക്ക് ഔട്ട് ചെയ്യുകയാണ് ശ്രീനഗറിനോട് വിട. 8 മണിക്ക് മുമ്പ് പട്ടണത്തിൽ നിന്നും പുറത്ത് കടക്കണം. ചെറിയ പട്ടണമായതിനാൽ ട്രാഫിക്ക് നിയന്ത്രിക്കാനുള്ള നിയമമാണ്. ഇറങ്ങിയപ്പോൾ 8 മണി കഴിഞ്ഞു കാണും, വഴിയിൽ പോലീസ് കൈകാണിച്ചു നിർത്തി ഡ്രൈവറോട് വാച്ച് നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസ്സ് ആയതിനാൽ പ്രശ്നമില്ലെന്ന് തോന്നുന്നു പൊയ്ക്കോളാൻ സിഗ്നൽ തന്നു. ഗുൽമാർഗിലേക്ക് ഇവിടെ നിന്ന് 54km ദൂരം, ചെറുതായി വെയിൽ പരക്കുന്നു നല്ലകാലാവസ്ഥ. ബാരാമുള്ളയിലൂടെയുള്ള ദേശീയ പാതയിൽ കനത്ത മിലിട്ടറി സ്വാധീനം കാണാം. ഇതിനിടയിലും ജനജീവിതം സുഗമമായി നീങ്ങുന്നു. ഗ്രാമപ്രദേശത്ത് കൂടിയാണ് യാത്ര. ദൂരെ മഞ്ഞണിഞ്ഞ പർവ്വതനിരകൾ ദൃശ്യമാകാൻ തുടങ്ങി. എല്ലാവരുടെ മുഖവും ഭൂപ്രകൃതിയും മുന്നിൽ തെളിഞ്ഞ് വരുന്നു.  ഹിൽ സ്റ്റേഷനിൽ കയറുന്നതിന് മുൻപ് കോട്ടും മഞ്ഞിൽ നടക്കാനുള്ള ബൂട്ടും വാടകക്ക് എടുക്കണം. ഒരാൾക്ക് രണ്ടും കൂടി 300 രൂപ. എല്ലാവരും കോട്ടിനുള്ളിൽ പുതുരൂപത്തിൽ.കയറ്റം കയറുംതോറും റോഡിന് ഇരുവശത്തുമുള്ള ദേവതാരു വൃക്ഷങ്ങളിൽ മഞ്ഞ് വീണ് കിടക്കുന്നു. ഇലകളിൽ നിന്നും അടർന്നു വീഴുന്നുമുണ്ട്. വണ്ടിയിൽ ഇരുന്ന് മനോഹരമായ കാഴ്ച കൺകുളിർക്കെ ആസ്വദിച്ചു. കുറച്ച് ദൂരം കൂടി പോയി വണ്ടി ഗോൾഫ് കോഴ്സിന് മുന്നിലായി പാർക്ക് ചെയ്തു. എല്ലാ ഭാഗവും, നോക്കുന്നിടമെല്ലാം മഞ്ഞിൽ പുതച്ച് കിടക്കുന്നു. ഇന്നലത്തെ മഴ ഇവിടെ അപ്രതീക്ഷിത മഞ്ഞുവീഴ്ചക്ക് കാരണമായി. ഇത്തരമൊരു ദൃശ്യം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമേ ഇവിടെ കാണാൻ സാധിക്കു. ഇന്നലെ ശല്യപ്പെടുത്തിയ മഴ ഇന്ന് വിട്ടുനിന്ന് നല്ലൊരു കാഴ്ചയൊരുക്കി.  ഇനി കേബിൾ കാർ സ്റ്റേഷൻ എവിടെയെന്ന് കണ്ടെത്തണം'.ഷൗക്കത്ത് ഇക്കയും കുടുംബവും ഒപ്പമുണ്ട്. കുതിരക്കാരും ഗൈഡുകളും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു. തൊട്ട് അടുത്ത് ചെറിയൊരു അമ്പലം അവിടേക്ക് പോകാമെന്നായി. ഒരു ചങ്ങാതിയും ഒപ്പം കൂടി. 300 രൂപ തന്നാൽ മതി ഗൈഡായി വരാം എല്ലാ സ്ഥലവും കാണിക്കാം എന്നായി. ശരി പോകാം എന്ന് പറഞ്ഞു . നാട്ടുകാരൻ ഗൈഡ് പെട്ടെന്ന് ആക്ടീവ് ആയി. വയസ്സായവരെ ഒപ്പം പിടിച്ച് നടത്തുന്നുണ്ട് കുറേ ദൂരം മഞ്ഞിൽ നടന്നു. ചെറിയൊരു കുന്നിൻ മുകളിൽ എത്തി ദൂരെ കേബിൾ കാർ സ്റ്റേഷൻ കാണിച്ചു തന്നു പോകണോ? വീണ്ടും കുറേ ദൂരം പോകണം വേണ്ടെന്ന് വച്ചു. കേബിൾ കാറിൽ മുകളിലെത്തിയാലും ഇതൊക്കെ തന്നെയല്ലേ കാഴ്ച എന്ന് ആശ്വസിച്ചു. കുറച്ച് നേരം ഐസ് പരസ്പ്പരം എറിഞ്ഞ് ഒരു കളി. തിരിച്ച് ഇറങ്ങിയപ്പോൾ സ്ഥിതി മാറി, സ്ലിപ്പ് ആയി വീഴാത്തവരായി ആരും ബാക്കിയില്ല😊.  വീണ്ടും ഒന്ന് ചുറ്റിക്കറങ്ങി ഒരു കടയിൽ കയറി നല്ല ചൂട് കാപ്പി കുടിച്ചു. ഭക്ഷണം റെഡിയാണ് കഴിക്കാൻ വിളിക്കുന്നു. നല്ല ചിക്കൻ ബിരിയാണി സുഖമായി കഴിച്ചു. വണ്ടിയിൽ തിരിച്ചെത്തി. ഷൗക്കത്ത് ഇക്കയും കുടുംബവും കേബിൾ കാറിലൊക്കെ കയറി തിരിച്ചെത്തിയിരുന്നു. ഞങ്ങൾ ഒപ്പം വരുമെന്ന് കരുതി.. സോറി ഇടയിൽ വഴി പിരിഞ്ഞു പോയി. ഇനി മടക്കയാത്ര പഹൽഗാമിലേക്ക് .

No comments:

Post a Comment