Sunday 22 August 2021

മഴയിൽ കുതിർന്ന ടുലിപ്പ് പുഷ്പങ്ങൾ 3


 പ്രകൃതി തന്നെ കനിഞ്ഞ് നൽകിയ സൗന്ദര്യം ഉള്ളപ്പോൾ എന്തിന് മറ്റ് പൂന്തോട്ടങ്ങൾ. എവിടെ നോക്കിയാലും പൂക്കൾ നിറഞ്ഞ താഴ് വരകൾ. മുഗൾ ഗാർഡൻ കാണാനുള്ള യാത്രയിലാണ്.ദാൽ തടാകത്തെ ചുറ്റിയാണ് യാത്ര.ബസ്സിൽ നിന്നും കാണുന്ന കാഴ്ചകളെ മഴയും മഞ്ഞും മറക്കുന്നുണ്ട്. ദാൽ തടാകത്തിന് കിഴക്കായി  Nishat Bagh (garden of Joy) എന്ന മുഗൾ ഗാർഡനിലേക്ക്'. 1633ൽ നൂർജഹാന്റെ മൂത്ത സഹോദരൻ ആസിഫ് ഖാൻ നിർമ്മിച്ചതാണി ഗാർഡൻ.  ഷാജഹാന്റെ ഭരണകാലത്ത് ഇവിടേക്കുള്ള  വെള്ളം ( ജലധാര പ്രവർത്തിപ്പിക്കാൻ ) തടയുകയും പിന്നീട് കുറച്ചു കാലം  ഗാർഡൻ അടച്ചിടുകയുമുണ്ടായി. ആസിഫ് ഖാന്റെ ഇഷ്ടത്തിന് വഴങ്ങി ഷാജഹാൻ കുറച്ച് കാലത്തിന് ശേഷം തുറന്ന് കൊടുക്കുകയായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ ദാൽ തടാകത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഷിക്കാരകൾ കാണാം. ചെറുതായി വെയിൽ വന്നു തുടങ്ങിയിരുന്നു. ഗാർഡൻ ചുറ്റി നടന്നു കണ്ടു. കുറച്ച് ഫോട്ടോ എടുത്തു തിരികെ വണ്ടിയിലേക്ക്. നല്ലകാലാവസ്ഥ എന്ന് പറഞ്ഞു തീർന്നില്ല അപ്പോഴതാ കനത്ത മഴ. ടുലിപ്പ് ഗാർഡൻ കാണണം ഇങ്ങിനെയെങ്കിൽ കാര്യം കഷ്ടം തന്നെ. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പുഷ്പങ്ങളുടെ വാലി . 30 ഏക്കറിലോളം പരന്ന് കിടക്കുന്നു. 2007ലാണ് ഗാർഡൻ തുറന്നത്, ഏപ്രിൽ മാസങ്ങളിൽ ടുലിപ്പ് ഫെസ്റ്റിവൽ സർക്കാർ നടത്തുന്നുണ്ട്, ടൂറിസ്റ്റുകളെ ആകർഷിക്കാനായി. ഏപ്രിൽ മെയ് മാസങ്ങളിലാണ് കാണാൻ പറ്റിയ ദിനങ്ങൾ. നടന്ന് കാണണം  . വണ്ടി പാർക്കിംഗിൽ നിർത്തി കുറച്ചു നടന്നപ്പോഴേക്കും തണുപ്പും മഴയും കൂടി, സോക്സ്, ഡ്രസ് മൊത്തം നനഞ്ഞു തുടങ്ങി. എങ്ങിനെയോ അവിടെ എത്തി ടിക്കറ്റ് എടുത്തു അകത്ത് കടന്നു. നോക്കെത്താ ദൂരത്തോളം പുഷ്പങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. നടക്കും തോറും മണ്ണും ചളിയും, മിക്കവരുടെയും ആവേശം കെട്ടു തുടങ്ങി. എങ്ങിനെയെങ്കിലും തിരിച്ചു വണ്ടിക്ക് അടുത്ത് എത്തണം എന്നായി ചിന്ത. തണുത്ത് വിറച്ച് ഫോട്ടോ എടുക്കാൻ പോലും ബുദ്ധിമുട്ടി. കൊണ്ടുവന്ന/ ധരിച്ച കോട്ടുകളുടെ പരിതാപകരമായ അവസ്ഥ, അവയൊന്നും ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നില്ല. പാർക്കിംഗിൽ എത്തിയപ്പോൾ ഗൈഡ് ജുനൈസ് ഭായി കുട്ടികളെ ഈ തണുപ്പത്ത് നല്ലവണ്ണം ശ്രദ്ധിക്കണമെന്ന നിർദ്ദേശവും തന്നു. ഗൗതമിനെ എടുത്തു നടന്നതിനാൽ അവൻ അധികം നനഞ്ഞിരുന്നില്ല. ഭക്ഷണം കഴിച്ച ഓർമ്മയൊന്നുമില്ല, വേഗം വണ്ടിയിൽ കയറി. ചിക്കൻ കഴിച്ചാൽ ശരീരത്തിന് പ്രതിരോധിക്കാനുള്ള ചൂടു കിട്ടുമെന്ന് ആരോ പറഞ്ഞിരുന്നു, കുറച്ചൊക്കെ ശരിയെന്ന് തോന്നി. ഇന്നത്തെ പരിപാടി 3:30 ഓടെ അവസാനിപ്പിക്കുക എന്ന് എല്ലാവരും പെട്ടെന്ന് തന്നെ തീരുമാനത്തിൽ എത്തി. ശങ്കരാചാര്യ ടെമ്പിൾ കാണാൻ പോയാൽ തണുത്തു ചാവും എന്നുറപ്പ്😊 പിന്നീട് എപ്പോഴെങ്കിലും  സാധിക്കുമെങ്കിൽ കാണാം. ഇന്നത്തെ രാത്രി ദാൽ തടാകത്തിൽ ഹൗസ് ബോട്ടിലാണ് താമസം. തണുപ്പിന് ശമനം കിട്ടുമെന്ന പ്രതീക്ഷയും അസ്തമിച്ചു.  തിരിച്ചു ഹോട്ടല്ലിലേക്ക് ..

No comments:

Post a Comment