Sunday 22 August 2021

കാശ്മീരിലെ ആദ്യ ദിനം 2

 


കാശ് - നീർച്ചാൽ. മീർ - പർവ്വതം. പർവ്വതങ്ങൾക്കിടയിലെ ജലാശയം എന്നൊക്കെ പറയാം. ചിന്നാർ മരങ്ങൾ, കുങ്കുമത്തോട്ടങ്ങൾ, ആപ്പിൾ മരങ്ങൾ, ശുദ്ധജല തടാകങ്ങൾ നിറഞ്ഞ മനോഹരമായ നാട് . ജമ്മുവിൽ നിന്ന് ഉച്ചക്ക് 1 മണിയോടെ പുറപ്പെട്ട ബസ്  മഴക്കൊപ്പം ശ്രീനഗറിൽ രാത്രി 2 മണിയോടെ എത്തി. അത്യാവശ്യ ലഗേജ് മാത്രം എടുത്ത് തണുത്തു വിറച്ച് അടുത്ത ഹോട്ടല്ലിലേക്ക് നടന്നു. ഹോട്ടൽ റൂമുകളിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനം രസകരമാണ്. ബെഡിനിടയിലെ വയർ പ്ലഗ്ഗിൽ കണക്ട് ചെയ്യുക,ചെറിയ ചൂട് വന്നു കൊണ്ടിരിക്കും. എപ്പോഴും ഓണാക്കി ഇട്ടാൽ രാവിലേക്ക് തന്തൂരി ചിക്കൻ ആയി മാറുമോ എന്ന ആശങ്കയുണ്ട് , പക്ഷെ ക്ഷീണം കൊണ്ട് കാര്യമാക്കിയില്ല രാവിലെ 9 മണിക്ക് ശ്രീനഗർ ദർശനം തുടങ്ങണം. ഉറക്കത്തിലേക്ക്.,

രാവിലെയും മഴ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നു. കുടകൾ കയ്യിൽ കരുതി ആദ്യ ലക്ഷ്യം ഹസ്രത്ത് ബാൽ പള്ളി.( ദൈവ വിശ്വാസം ഇല്ലാത്തവർ എന്തിനു പോകുന്നു എന്ന് ചോദിക്കരുത് അത് വഴിയേ പറയാം.) നബിയുടെ തിരുകേശം സൂക്ഷിക്കുന്ന പള്ളിയാണ്. 1634 ൽ ഷാജഹാൻ ചക്രവർത്തിയാണ് ദാൽ തടാകക്കരയിൽ ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഹസ്രത്ത് ബാൽ- വിശുദ്ധമായ സ്ഥലം. 1699 ൽ ഔറംഗസേബ് ചക്രവർത്തിയാകുമ്പോഴാണ് തിരുകേശം ഇവിടെ എത്തിയത്. 1963ൽ തിരുകേശം കാണാതാവുകയുണ്ടായി. അതിനെ തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയും തുടർന്ന് 1964ൽ തിരിച്ചു കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എൻട്രൻസിൽ ഗാർഡ് എന്തോ ചോദിക്കുന്നുണ്ട്, ദേഖ്നേ കേലിയേ ആയാ ഹെ. പുള്ളിക്കാരൻ ഹാപ്പി വേഗം ഗേറ്റ് തുറന്നു. പട്ടാളക്കാർ സുരക്ഷ ഒരുക്കിയിട്ടുണ്ട് ചുറ്റും . ചാറ്റൽ മഴ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മളെയുണ്ടോ അത് ബാധിക്കുന്നു കാണാൻ വിചാരിച്ചാൽ കണ്ടിരിക്കും.😊 കിട്ടിയ കുടകളിൽ അഭയം പ്രാപിച്ചു. വെള്ളിയാഴ്ചയാണ്, ജുമാ നിസ്കരിക്കാൻ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ചെരുപ്പ് ഊരി കയറിക്കൊള്ളാൻ പറഞ്ഞു. (നമ്മളെ പുള്ളിക്ക് അറിയില്ല😊) വേണ്ടെന്ന് മറുപടി. ചുറ്റുപാടും നടന്ന് കണ്ടു. ദാൽ തടാകത്തിനരികിലെ മനോഹരമായ കെട്ടിടം. അരികിൽ പച്ചക്കറി മാർക്കറ്റ്, മധുര പലഹാരം വിൽക്കുന്ന കടകൾ. കൂട്ടത്തിൽ ഷൗക്കത്ത് ഭായി വാങ്ങിയ പലഹാരം കഴിച്ചു. പള്ളിയിൽ നിന്നുള്ള ഒരു പ്രസാദവും. കൂടുതൽ സമയം ഇവിടെ നിൽക്കാൻ അനുവാദമില്ല.വണ്ടിയിൽ കയറിയപ്പോൾ നമ്മുടെ മുഖ്യമന്ത്രി പണ്ട്  പറഞ്ഞത് ഓർത്തു പോയി. മുടി ആരുടെതായാലും കത്തിച്ചാൽ കത്തും... അടുത്ത സ്ഥലത്തേക്ക് .

No comments:

Post a Comment