Tuesday 24 August 2021

ലഡാക്ക് ഡയറീസ് 3






  മനാലിയിൽ രാവിലെ 5:30ന് ബസ്സ് ഇറങ്ങി നല്ല തണുപ്പ്, മഞ്ഞ്, ഇനി ലക്ഷ്യം ലെഹ്. രണ്ട് ബസുകളാണ് സർവ്വീസ് നടത്തുന്നത് ( hrtc) ആദ്യത്തെത് രാവിലെ 4 മണിക്ക് പോയി, ഇനി ഡെൽഹിയിൽ നിന്ന് വരുന്ന ബസ് തന്നെ ശരണം. പക്ഷെ അത് ഒരു ദിവസം മുഴുവനായി ഓടില്ല. കെയ്ലോങ്ങ് എന്ന ഗ്രാമത്തിൽ രാത്രി നിർത്തിയിടും പിറ്റേ ദിവസം രാവിലെ 5 മണിക്ക് അവിടുന്ന് എടുത്ത് രാത്രി 8 മണിയോടെ ലെഹ് സിറ്റിയിൽ എത്തുന്നു.മനാലി ബസ് സ്റ്റാന്റിലേക്ക് 3 km നടന്നു . രാവിലെ വിജനമായ റോഡിലൂടെ നടക്കുമ്പോൾ ഒരു വർഷം മുൻപ് ഞാൻ വന്ന സ്ഥലം, വൻ വിഹാർ പാർക്ക് എല്ലാം വീണ്ടും ഓർമ്മയിലേക്ക് വന്നു.  ആദ്യമായി ഒരു ഹിന്ദി മാത്രം അറിയുന്ന ഡ്രൈവറിനൊപ്പം ഞാനും കുട്ടികളും ഇവിടെ വന്നിറങ്ങിയത് രാത്രി 1:30 നായിരുന്നു ആ ഹോട്ടൽ ഓൾഡ് മനാലിയിലാണ്. ഒരു ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടുണ്ട് അത് ഉടനെ പുറപ്പെടും എന്ന് പറയുന്നു. കണ്ടക്ടറോട് ചോദിക്കാൻ തീരുമാനിച്ചു. വണ്ടിയിൽ കയറിക്കോ 3 മണിക്ക് കെയ്ലോങ്ങിൽ എത്തും എന്ന് പറഞ്ഞു- പിന്നെ ഒന്നും ആലോചിച്ചില്ല ഒരു ചായ മാത്രം കുടിച്ചു ബസിൽ കയറി. 20ന് തുടങ്ങിയ യാത്ര 23ന് വൈകുന്നേരും കെയ്ലോങ്ങിൽ എത്തും. അവിടെ  റൂമിൽ റെസ്റ്റ് എടുക്കാം, തത്കാലമൊരു ബ്രേക്ക്. 

ബസ് ഇനി റോത്താംഗ് പാസ് വഴിയാണ് പോകുന്നത് ഇതുവരെ അനുഭവിച്ച എല്ലാ കയറ്റവും ചെറുത്. ഇനി ഉയരം കൂടും തോറും ഓക്സിജൻ കുറയും, ഛർദി എല്ലാം വരാം. AMS (Acute Mountain sickness) പിടിപെടാം. ഞങ്ങൾ Diamox Tabletട വാങ്ങിയിരുന്നു, AMS വരാതിരിക്കാൻ പക്ഷെ രാവിലെ കഴിക്കാൻ മറന്നു പോയ്.ബസിൽ ഒരു  സ്ത്രീ ബോധം കെട്ട് അടുത്ത ആളുടെ മടിയിലേക്ക് മറിഞ്ഞു വീണു. ബസിൽ എല്ലാവരും സഹായിക്കാൻ ഓടി എത്തി. വെള്ളം കൊടുക്കുന്നു, വീശുന്നു. ഒരു ലാമ "പേടിക്കേണ്ട ശരിയാകും"എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു. ഹിമാചലി ലോഗ് അഛാ ഹെ. ബസ് രാവിലത്തെ ഭക്ഷണത്തിന് നിർത്തിയാൽ ഗുളിക കഴിക്കണം എന്ന് തീരുമാനമായി ഞങ്ങൾക്കും ഇത് സംഭവിച്ചാൽ ചെറിയ പേടി തോന്നി.10 മണിയോടെ Kokhsar എന്ന ഗ്രാമത്തിലെത്തി. റോത്താംഗ് പാസ് പകുതി മഞ്ഞ് പുതച്ചു കിടക്കുന്നു. എല്ലാവരും  പ്രഭാതഭക്ഷണം കഴിച്ചു. ഞാനൊരു മാഗിയിൽ ഒതുക്കി.ഇത്തരം യാത്രകളിൽ ലഘുഭക്ഷണമാണ്  നല്ലത്. വഴി നീളെ മനോഹരമായ കാഴ്ചകൾ, ചെറിയ ഗ്രാമങ്ങൾ. ചെറിയ ബുദ്ധിസ്റ്റ് ഫ്ലാഗുകൾ കെട്ടിയ പാലങ്ങൾ ,നദി എല്ലാം കണ്ടു. റോഡിലൂടെ സോളോ റൈഡേഴ്സ് ബുള്ളറ്റിൽ പറക്കുന്നു. KL രജിസ്ട്രേഷൻ ചെയ്ത ബൈക്കുകൾ. ഒരിക്കൽ ബുളറ്റിൽ വരണം എന്ന് മനസ് ആഗ്രഹിക്കുന്നു. ആദ്യത്തെ പ്ലാൻ ഇതായിരുന്നു . ദിവസം, സമയം, ചിലവ് എല്ലാം കൂടുതലായതിനാൽ മാറ്റി വെച്ചു. ലഡാക്കിൽ ബൈക്ക് ഓടിക്കാമല്ലോ എന്ന ആശ്വാസമാണ് ബാക്കി. 3 മണിയോടെ കെയ്ലോങ്ങ് എത്തി.ചെറിയൊരു ഗ്രാമം അത്യാവശ്യം കടകളൊക്കെയുണ്ട്. സ്റ്റാൻഡിൽ പിറ്റേ ദിവസത്തെ ലെഹ് ബസ് ടിക്കറ്റ് അന്വേഷിച്ചു. 6 മണിക്ക് ശേഷം വന്നാൽ  തരാമെന്ന് പറഞ്ഞു. ഇനിയൊരു റൂം കണ്ടെത്തണം 700 രൂപക്ക് ഒരു നല്ല റൂം. വിലപേശേണ്ടി വന്നു (ഞാനല്ല ശിവൻ) എനിക്കത് പരിചയമില്ല. കുളിച്ചു ഫ്രെഷ് ആയി. പുറത്തിറങ്ങി നല്ലൊരു ചൗമീൻ  കഴിച്ചു. റൂമിൽ റെസ്റ്റ് . നാളെ രാവിലെ 5 മണിക്ക് ലേഹ് ലേക്ക്. ഹോട്ടൽ വൈഫൈ കിട്ടിയപ്പോൾ നെറ്റ് നോക്കി മെസേജുകൾ അയച്ചു. 20ന് നാട്ടിൽ നിന്ന് പുറപ്പെട്ട് 23 ന് വൈകുന്നേരം റെസ്റ്റ്. നാളെയുടെ മറ്റൊരു വലിയ യാത്രക്ക് വേണ്ടി ...

No comments:

Post a Comment