Sunday 22 August 2021

കാശ്മീർ കഥകൾ 1

 

കാശ്മീർ കാണാൻ ഈ വർഷം പോകണം എന്ന് തിരുമാനിച്ചതിൽ പിന്നെ ചോദ്യങ്ങൾ പല കോണിൽ നിന്നും വന്നു.എന്തിന്, വേറെ സ്ഥലത്തേക്ക് പോയാൽ പോരെ, അങ്ങിനെ പലരും പലതും ചോദിച്ചു കൊണ്ടിരുന്നു. പട്ടാളക്കാരെ കല്ലെറിയുന്ന ജനങ്ങൾ, കർഫ്യു , റോജ സിനിമ അങ്ങിനെ പലതും അവരും കണ്ടു കഴിഞ്ഞതാണല്ലോ. എല്ലാ ആശങ്കകൾക്കും വിട പറഞ്ഞ് വിഷുവിന് പിറ്റേ ദിവസം സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ഡൽഹിയിലേക്ക്, അവിടെ നിന്ന് ഝലം ട്രെയിനിൽ ജമ്മുവിലേക്കും . പത്താൻ കോട്ട് എത്തിയപ്പോഴേക്കും പ്രീപെയ്ഡ്‌ സിം കട്ടായി ഇനി പോസ്റ്റ് ചെയ്ഡ് മാത്രമാണ് ആശ്രയം. ഇവിടെ എത്തുന്നവരിൽ പലർക്കും ഇതറിയില്ല സെക്യൂരിട്ടി പ്രശ്നമാണത്രെ കാരണം. ജമ്മുവിൽ വൈഷ്ണോ ധാമിൽ  ജമ്മു റെയിൽ സ്റ്റേഷനിൽ നിന്നും 5 മിനുട്ട് നടന്നാൽ മതി.(വൈഷ്ണോദേവി   അമ്പലക്കാരുടെ സത്രം) ഡോർമിറ്ററിയിൽ കുറച്ചു നേരമൊന്ന് വിശ്രമം. ഡോർമിറ്ററിയിൽ താമസിക്കാൻ ഒരാൾക്ക് 100 രൂപ മതി Alc ആണെങ്കിൽ 150. വെജിറ്റേറിയനിസം സ്ട്രിക്ട് ആയി പിന്തുടരുന്നവരാണ് ഇവർ വെളുത്തുള്ളി പോലും കോമ്പൗണ്ടിലേക്ക് കടത്താൻ പാടില്ലത്രേ, അതും ഇതുമായി എന്താണ് ബന്ധം എന്ന് ചോദിക്കരുത് എല്ലാം ഒരു വിശ്വാസം. മൂന്ന് രാത്രി രണ്ട് പകൽ യാത്ര ചെയ്ത ക്ഷീണം കുറച്ച് ഇറക്കി വെച്ചു. ഭക്ഷണം പാകം ചെയ്യുന്നവർ ഒപ്പം ഉണ്ടായതിനാൽ കേരള ഫുഡ് പുട്ട് കടല കറി കഴിച്ച് കുറച്ച് നേരം വിശ്രമം. ഉച്ചക്ക് 1 മണിക്ക് ശ്രീനഗറിലേക്കുള്ള ടൂറിസ്റ്റ് ബസിൽ ( അറേഞ്ച്ഡ്) കയറി . ഇനി ശ്രീനഗറിലേക്ക് 11 മണിക്കൂറോളം യാത്ര വരും റോഡ് വർക്ക് നടക്കുന്നതിനാൽ അതിൽ കൂടുതലും ആകാം . ലഗേജ് എല്ലാം ബസ്സിന് മുകളിൽ കെട്ടിവെച്ചു യാത്ര തുടങ്ങി ശ്രീനഗറിലേക്ക്  ജമ്മു നല്ല ചൂടുള്ള വരണ്ട സ്ഥലമാണ്.   ഇനി പോകുന്നത് തികച്ചും വ്യത്യസ്തമായ സ്ഥലത്തേക്ക് കയ്യിലുള്ള തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കുകയാണ് നല്ലതെന്ന് ഗൈഡ് പറയുന്നുണ്ട്. ജമ്മു ശ്രീനഗർ ഹൈവേ പണ്ട് വൺവേ ആയിരുന്നു ഇപ്പോൾ നാല് വരിയാക്കി പണി നടന്നു കൊണ്ടിരിക്കുന്നു . നല്ല റോഡിലൂടെ കടന്നുപോകുന്നതിനിടെ വൈഷ്ണോ ടെമ്പിൾ ദൂരെ നിന്നും കണ്ടു. ജമ്മുവിൽ വരുന്നവർ മിക്കവരും ഇവിടെ പോകാറുണ്ട് ഞങ്ങളുടെ ലക്ഷ്യം കാശ്മീർ ആണ് എന്ന് മനസ്സിൽ ആശ്വസിച്ചു യാത്ര തുടർന്നു. റോഡ് പണി നടന്നു കൊണ്ടിരിക്കുന്നു ഇടക്ക് ബസ് ബ്ലോക്കിൽ പെടുന്നുണ്ട്.മഴ ചെറുതായി അകമ്പടി സേവിക്കുന്നുണ്ട് ഈ മഴയാണ് പിന്നിട് ഗുൽമാർഗിൽ മഞ്ഞുവീഴ്ചക്ക് കാരണമായത്. പക്ഷെ ഒരു ദിവസത്തെ ശ്രീനഗർ സന്ദർശനത്തെ ഉലച്ചു കളഞ്ഞു പ്രതീക്ഷിക്കാതെ വന്ന നമ്മുടെ ഈ ചങ്ങാതി.(തുടരും)

No comments:

Post a Comment