Tuesday 24 August 2021

ലഡാക്ക് ഡയറീസ് 2


  രാവിലെ എഴുന്നേറ്റപ്പോൾ ട്രെയിൻ മഹാരാഷ്ട്രയിലൂടെയാണ് പോകുന്നത് . കേരളത്തിലെ മഴയെ ട്രെയിനൊപ്പം കൊണ്ടുവന്ന പോലെ കൊങ്കൺ റൂട്ടിൽ മഴ തകർത്തു പെയ്യുന്നു. ഇന്നലെ രാത്രി ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങിയ മഴവെള്ളം ബാഗിനെ നനച്ചു. തുറന്ന് നോക്കി  പ്രശ്നമില്ല. എന്തെങ്കിലും കഴിക്കണം പാൻട്രി ഉള്ളതിനാൽ ഭക്ഷണം എപ്പോഴും ലഭിക്കും. ഇഡലി വടയിൽ ഒതുക്കി. രത്നഗിരി എത്തിയപ്പോൾ വടാപാവ് വിൽപ്പനക്കാരുടെ തിരക്ക്.   ഒന്നു വാങ്ങി രണ്ടു പേരും കൂടി കഴിച്ചു. ഇനി ഈ റൂട്ടിൽ തിരിച്ച് യാത്രയില്ല അതിനാൽ അവസരം നഷ്ടപ്പെടുത്തരുതല്ലോ. ഉച്ചക്ക് പൻവേൽ മഹാരാഷ്ട്രയിലെ എന്റെ സുഹൃത്തുക്കളോട് ഈ വഴി പോകുന്നുണ്ട് എന്നറിയിക്കാനായി ഒരു വാട്ട്സ് ആപ്പ് മെസേജ്. സത്യം അവർ ഞാൻ ഈ യാത്രക്ക് ഇറങ്ങി പുറപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ല (എന്ന് തോന്നി ) ചില യാത്രകൾ  അങ്ങിനെയാണ്.

 3.30 ന് വസായ് റോഡ്. ട്രെയിൻ സ്റ്റോപ്പ് കുറവാണ്.  വഡോദരയിൽ രാത്രി എത്തിയപ്പോൾ നല്ല തിരക്ക് കുറേ പേർ ബർത്തിൽ കയറി കിടക്കുന്നു. ബാഗ് സൂക്ഷിച്ച് അടുത്ത് വെച്ച് എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിച്ചു LB ൽ കിടന്നു. ഒരു ഉറക്കം കഴിഞ്ഞപ്പോൾ നല്ല ബഹളം ആരോ മൊബൈൽ അടിച്ചു മാറ്റാൻ ശ്രമിച്ചു എന്ന് പറയുന്നു. ഒരുത്തനെ പിടിച്ചു ,പോലീസിൽ വിളിച്ചു പറയുന്നു,മൊത്തം ബഹളം  ഉറക്കം പോയി. പോലീസ് വന്ന് എല്ലാവരെയും കോട്ട സ്റ്റേഷനിൽ  ഇറക്കി വിട്ടു സമാധാനം. ഇനി ഡെൽഹി . മൂന്ന് മാസത്തിന് ശേഷം വീണ്ടും ഞാൻ ഡൽഹി സ്റ്റേഷൻ കാണുന്നു പക്ഷെ ഇറങ്ങുന്നില്ല. ചണ്ഡീഗഡ് എത്തണം ഡെൽഹി കഴിഞ്ഞതോടെ എല്ലാവരും ഇറങ്ങി തുടങ്ങി .അവസാന സ്റ്റേഷനിൽ എത്തുമ്പോഴെക്കും  കുറച്ച് പേർ മാത്രംട്രെയിനിൽ. ഇവിടെ നിന്ന് ബസ് സ്റ്റാന്റിലേക്ക് കുറച്ച് ദൂരമുണ്ട് . ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിൽ എത്തി. ഹിമാചൽ ട്രാൻസ്പോർട്ട് ബസ് മനാലിക്ക് പുറപ്പെടുന്നത് 6.48 നാണ്  ബസ് ബുക്കിംഗ് ഫുൾ. ഇനി 8 മണി വരെ കാത്തിരിക്കണം. 8 മണിയുടെ ബസ് രാവിലെ 6 മണിക്ക് മനാലി എത്തും. അവസാനം 8 മണിയുടെ ബസിൽ മനാലിയിലേക്ക്. രാത്രി ഉറക്കം ബസിൽ . തണുപ്പ് കൂടി വരുന്നു. ബാഗിൽ നിന്നും കോട്ട് എടുത്ത് ഒരു സീറ്റിൽ ഉറങ്ങാൻ ശ്രമം.  തണുത്ത മനാലിയിലേക്ക് പോകുന്ന ബസിൽ ഒരു രാത്രി .

No comments:

Post a Comment