Sunday 22 August 2021

പഹൽഗാമിലേക്കുളള യാത്രയിൽ... 7

 

മനം കുളിർത്താണ് ഗുൽമാർഗ് വിട്ട് തിരിച്ചിറങ്ങിയത്. മണ്ണിലും,മരങ്ങളിലെയും മഞ്ഞ് തുള്ളികൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. ഇനി പഹൽഗാമിലേക്ക്. 140 Km ദൂരം, ഏകദേശം 4 മണിക്കൂർ എടുക്കുമെന്ന് ഗൂഗിൾ പറയുന്നു.  അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം. അനന്ത് നാഗിനെ ഇസ്ലാമാബാദ് എന്നും ചിലർ വിളിക്കുന്നു, ഇവിടെ വെച്ചാണ് ഝലം നദി രൂപം കൊള്ളുന്നത്. മുഗൾ ഭരണകാലത്ത് സുൽത്താൻ സിക്കന്തർ ബുറ്റ്ഷികാൻ ജില്ലയിലെ പ്രാചീന എടുപ്പുകളെ എല്ലാം നശിപ്പിച്ചിരുന്നു. അവശേഷിച്ച മാർത്താണ്ഡ(സൂര്യ) ക്ഷേത്രം പുരാവസ്തു ക്ഷേത്രങ്ങളിലൊന്നായി ഇപ്പോഴും നിലനിൽക്കുന്നു. പൈൻ മരങ്ങളും, മഞ്ഞണിഞ്ഞ കുന്നുകളും കൊണ്ട് മനോഹരമായ ഗ്രാമമാണ് പഹൽഗാം. നിരവധി ബോളിവുഡ് സിനിമാ ഷൂട്ടിംഗുകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ട്. ഒരിക്കൽ ആട്ടിടയന്മാരുടെ മാത്രം ഗ്രാമം ഇന്ന് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് .  

ശ്രീനഗർ ഹൈവേക്ക് ഇരുവശവും കടുക്, കുങ്കുമപ്പൂവ് എന്നിവ കൃഷി ചെയ്യുന്ന പാടങ്ങൾ. എത്ര സമയം യാത്ര ചെയ്താലും കണ്ണെടുക്കാൻ മടിക്കുന ഭൂപ്രകൃതി. ബസ് വേഗം കുറച്ചു നല്ലൊരു ബ്ലോക്കിൽ പെട്ടിരിക്കയാണ്.  ഹൈസ്കൂൾ പ്രായത്തിലുള്ള എട്ട് പത്ത് പെൺകുട്ടികളുടെ  പ്രതിഷേധ പ്രകടനമാണ് . ആർമിയും പോലീസും സംയുക്തമായി ഇടപെട്ട് പെട്ടെന്ന് തന്നെ വാഹനങ്ങളെ നിയന്ത്രിച്ച് വിടുന്നുണ്ട്. പതുക്കെ ബ്ലോക്ക് കടന്ന് വണ്ടി നീങ്ങി നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കുങ്കുമപ്പാടങ്ങൾ. ഇവിടങ്ങളിലായി കുങ്കുമപ്പൂവ് വിൽക്കുന്ന കടകൾ കാണാം. ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിന് പ്രശസ്തമാണ് അനന്ത് നാഗ്. ബാറ്റ് വിൽക്കുന്ന കടയിൽ കയറി കുട്ടികൾക്ക് ബാറ്റ് വാങ്ങി. നല്ല ക്വാളിറ്റി വില കുറവാണ് . ഇനി യാത്ര പഹൽഗാം ഗ്രാമത്തിലൂടെ, ചെറിയ റോഡുകളാണ്. 6 മണിയോടെ ഭക്ഷണ സാമഗ്രികൾ വാങ്ങാനായി നിർത്തിയപ്പോൾ ഒന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പഴയ കടകളുള്ള ചെറിയൊരു അങ്ങാടി. ഞാനും ഷൗക്കത്ത് ഇക്കയും ഒരു കടയിൽ കയറി കാശ്മീരി റൊട്ടി വാങ്ങി. വണ്ടിയിൽ കയറിയാണ് രുചി നോക്കിയത് . അബദ്ധം പറ്റി എന്തു സ്വാദാണെന്ന് ഒരു പിടിയുമില്ല😊 പരത്യേകിച്ച് ഒരു രുചിയും ഇല്ല. എങ്ങിനെയാവും ഇവർ ഇത് കഴിക്കുന്നത്! നാട്ടുകാർ വാങ്ങുന്നത് കണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. 8 മണിക്ക് ഹോട്ടലിൽ എത്തിക്കാണും. തണുപ്പ് കുറച്ച് കുറവുണ്ടെന്ന്  ആശ്വസിക്കാം  8 ഡിഗ്രി സെൽഷ്യസ് .രാത്രി ഭക്ഷണം കഴിച്ചു. തണുപ്പ് വീണ്ടും താഴും. നാളെ ഇവിടെ നിന്ന് വേറെ വണ്ടിയിൽ സ്കോർപ്പിയോയിൽ സ്ഥലങ്ങൾ കാണാൻ പോണം. അരുവാലി, ബേത്താബ് വാലി, ചന്ദൻ വാലി.,

No comments:

Post a Comment