Sunday 22 August 2021

ദാൽ തടാകത്തിലെ ഒരു രാത്രി 4


 കാശ്മീരിന്റെ ഹൃദയമാണ് ദാൽ തടാകം. 22 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ട്. ഹിമം മൂടിയ പിർ പഞ്ചാൽ മലനിരകൾക്ക് താഴെ, താഴ് വരകളിലെ വെടിയൊച്ചകളിൽ നിന്നകന്ന് ശാന്തമായി ദാൽ., ഇവിടുത്തുകാരുടെ ജീവിതം തടാകവുമായി അടുത്ത് കിടക്കുന്നു. എന്തുകൊണ്ടാണ് കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമാകുന്നത് എന്നതിനുള്ള ഒരു മറുപടിയാകുന്നു തടാകം. ഞങ്ങൾ ഒരു രാത്രി മാത്രം തങ്ങാനുള്ള അവശ്യസാധനങ്ങളുമെടുത്ത് ഇറങ്ങി. തടാകക്കരയിൽ രണ്ട് മൂന്ന് ശിക്കാരകൾ കാത്തു നിൽക്കുന്നു. അധികം ലഗേജ് വെക്കാൻ സ്ഥലമില്ല കഷ്ടിച്ച് 5 പേർക്ക് ഇരിക്കാം. മഴ ശമിച്ചപ്പോൾ തടാകത്തിന്റെ മനോഹര മുഖം ദൃശ്യമാകാൻ തുടങ്ങി. കുറച്ച് ദൂരം യാത്ര ചെയ്താൽ താമസിക്കാനുള്ള ഹൗസ് ബോട്ടിൽ എത്തും. ബോട്ട് എന്നത് ഇവിടുത്തുകാരുടെ വീട് തന്നെയാണ്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളെപ്പോലെ ഒഴുകുന്നവയല്ല, സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ഉറപ്പിച്ചിരിക്കുന്നതാണ്.  ഷിക്കാര തുഴയുന്നവരുമായി ചെറിയൊരു സംഭാഷണം നടന്നു. അയാൾ ഈ ദാൽ തടാകവും താഴ് വരകളും വിട്ടു പുറത്തു പോയിട്ടില്ല, ഇനി പോകാൻ ആഗ്രഹവും ഇല്ലെന്നാണ് പറയുന്നത് നല്ല വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടെങ്കിലും കാശ്മീരിന് പുറത്തൊരു ജീവിതം അവർ ആഗ്രഹിക്കുന്നില്ല. ഷിക്കാര വലിയൊരു ഹൗസ് ബോട്ടിനോട് അടുത്തു. ലഗേജ് ഇറക്കി പുറത്തിറങ്ങി. തോണിക്കാരൻ തടാകത്തിലൂടെ ഒന്നു ചുറ്റിക്കറങ്ങാൻ വിളിക്കുന്നുണ്ട്. പോകണം എന്ന് മനസ്സ് പറയുന്നെങ്കിലും ശരീരം അനുവദിക്കുന്നില്ല. ഈ യാത്രയിൽ പിന്നീട് നഷ്ടബോധം തോന്നിയ ഒരേയൊരു സംഭവം , തടാകത്തിലെ ജീവിതം ചലിക്കുന്നത് നേരിട്ടു കാണാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.റെസ്റ്റ് എടുക്കാൻ തന്നെ തീരുമാനിച്ചു. ഹൗസ് ബോട്ട് എങ്ങിനെയെന്ന് ചിത്രങ്ങൾ പറയും.  മുറികൾ ഒരേയൊരു പ്രശ്നം ബെഡ് ചൂടാക്കാനുള്ള മൈക്രോ വേവ് ഓവൻ ഇല്ല😊.  ബോട്ട് ഉടമയുമായി സംസാരിച്ചപ്പോൾ ഏപ്രിൽ മാസങ്ങളിൽ അതിന്റെ ആവശ്യം വരാറില്ല എന്നായിരുന്നു മറുപടി, ഈ മഴ അവരും പ്രതിക്ഷിച്ചതല്ല. രാത്രി തണുപ്പ് കടുത്തതായി അനുഭവപ്പെട്ടു. ഇടക്ക് ഒരു കച്ചവടക്കാരനും വന്നു കയറി. വള, കമ്മൽ, മാല കരകൗശല വസ്തുക്കൾ. വളരെ പെട്ടെന്ന് നല്ലൊരു കച്ചവടം തന്നെ നടന്നു. കാശ്മീരി ഹാപ്പി, നമ്മളും . രാത്രി ഭക്ഷണം നമ്മുടെ ടീം തയ്യാറാക്കി ബോട്ടിൽ കൊണ്ടുവന്നു തന്നു.  അവരെ സമ്മതിക്കണം രാത്രി 9 മണിക്ക് ഷിക്കാരയിൽ ഓരോരുത്തരുടെയും ബോട്ട് നോക്കി കണ്ടെത്തി ഭക്ഷണം എത്തിക്കണം. ചങ്ങായിമാർക്ക് ഒരു ബിഗ് സല്യൂട്ട്. നാളെ രാവിലെ 7 മണിക്ക് തിരിച്ച് ഹോട്ടലിൽ എത്തി ഗുൽമാർഗിലേക്ക് പുറപ്പെടും.  ബോട്ടിന്റെ മുതലാളിയുമായി എല്ലാവരും ചറപറാ വർത്തമാനം ഹിന്ദി, ഇംഗ്ലീഷ്  അവസാനം ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.  നാളെ ഗുൽമാർഗിൽ. അപ്രതീക്ഷിതമായ മറ്റൊരു ട്വിസ്റ്റ് പ്രകൃതി ഒരുക്കി കാത്തിരിക്കുന്നു. Surprise.. 

No comments:

Post a Comment