Sunday 22 August 2021

പഹൽഗാമിന് വിട 9


  ഇന്നത്തെ യാത്രകളിൽ ഇഷ്ടപെട്ട ഒരു സ്ഥലമാണ്  അരുവാലി. അരുനദിയുടെ   തീരത്തുള്ള ചെറിയൊരു ഗ്രാമം. ഈ വാലിയും ഒരു ഷൂട്ടിംഗ് ലൊക്കേഷനാണ്. സൽമാൻ ഖാൻ അഭിനയിച്ച ബജ്രംഗി ബൈജാൻ. ട്രെക്കിംഗിന് പോകുന്നവരുടെ എല്ലാം ബേസ് ക്യാമ്പ് ഇവിടെയാണ്. ഇവിടെ നിന്ന് 3, 4 ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിംഗ് എത്ര രസകരമായിരിക്കും. ഒരിക്കൽ ശ്രമിക്കും, അന്ന് കൂടുതൽ ദിവസം നിൽക്കണം. എല്ലാ യാത്രയും അവസാനിക്കുമ്പോൾ ഇങ്ങിനെ ചില മോഹങ്ങൾ   തോന്നാറുണ്ട്. വീണ്ടും വരുമെന്ന് മനസ്സ് സ്വയം ആശ്വസിപ്പിക്കുന്നതാണ്. കുതിരപ്പുറത്ത് സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞവരോട് സ്നേഹപൂർവ്വം നിരസിച്ചു. മാർച്ച് മുതൽ സന്ദർശകർ ഇവിടെ ധാരാളമായി എത്തുന്നു. മഞ്ഞണിഞ്ഞ മലകൾ പൈൻ മരക്കാടുകൾ എല്ലാം കണ്ട് ആസ്വദിക്കുന്നു. ഒരു കടയിൽ കയറി ഗ്രീൻ ടീ കുടിച്ചു, മധുരം കുറവാണ്, കാശ്മീരി സ്റ്റൈൽ ആകും. സമയം കൂടുതലായെന്ന് തോന്നുന്നു ഡ്രൈവർ തിരഞ്ഞ് വരുന്നുണ്ട്. അയാളുടെ വീടും ഇതിനു അടുത്തുള്ള ഗ്രാമത്തിലാണ്. മഞ്ഞ് വന്ന് മൂടിയാലും അവർ ഗ്രാമം വിട്ട് പോകാറില്ല. പ്രകൃതിയുമായി പരസ്പര സഹകരണത്തോടെ അവർ ജീവിക്കുന്നു. ബഹുമാനം തോന്നി. കാശ്മീരിന് പുറത്തേക്ക്  അയാൾ യാത്ര ചെയ്തിട്ടില്ല. മൂന്ന് നാല് കുട്ടികളുണ്ട് അവർ സ്കൂളിൽ പഠിക്കുന്നു. വണ്ടിയിൽ കയറി. 1 മണി കഴിഞ്ഞു ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിച്ച് ഇറങ്ങണം. തിരിച്ചു ജമ്മുവിലേക്ക് ബസിൽ.  ഇനി ബസിൽ ഇരുന്ന് കാഴ്ചകൾ കാണാം. ആധുനികത എത്തിച്ചേരാത്ത ഗ്രാമങ്ങൾ .ഒരു വശത്ത് കൂടി ലിഡർ നദി ഒഴുകുന്നു. കുറച്ച് ഉരുളൻകല്ലുകൾ പെറുക്കി എടുക്കണമെന്ന് തോന്നിപ്പോയി ഓർമ്മക്കായി. ഇടക്ക് ടയർ പഞ്ചറായി ടയർ മാറ്റാനായി അര മണിക്കൂർ. ബസ് പോകുന്നത്  മുഗൾ റോഡിലൂടെ, ടണലുകളും, അപകടകരമായ കയറ്റ ഇറക്കങ്ങളുമുള്ള വഴി. കുറേ വ്യൂ പോയിന്റ്‌കൾ വഴിയിലുണ്ട്. ഇടക്ക് വലിയൊരു ടണലിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു. വഴിയിലൂടെ ആടുകളുമായി ഗുജ്ജറുകൾ കയറി വരും, വണ്ടി ബ്ലോക്കിൽ പെടും. ഇതിങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു. കാശ്മീരിൽ മഞ്ഞ് വീഴുമ്പോൾ മല ഇറങ്ങുന്ന ഇവർ മഞ്ഞ് ഉരുകാൻ തുടങ്ങുന്നതോടെ തിരിച്ച് മല കയറാൻ തുടങ്ങും. ഈ യാത്ര തന്നെയാണ് ഇവരുടെ ജീവിതവും. സ്ത്രീകളും, കുട്ടികളും, നായ്ക്കളുമായി എവിടെയെങ്കിലും തമ്പടിക്കും താമസിക്കും. കുട്ടികൾ യാത്രയിലായതിനാൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എങ്കിലും ഗവൺമെന്റ് സഞ്ചരിക്കുന്ന സ്കൂളുമായി ഇവരുടെയൊപ്പം എത്തുന്നു. ഇതിലൊന്നായിരുന്നു ആസിഫ എന്ന പെൺകുട്ടി. ജമ്മുവിലേക്ക് അർദ്ധരാത്രിയോടെ എത്തുമായിരിക്കും ഇടക്ക് ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തും.3 ദിവസമായി നടന്ന യാത്രക്ക് തിരിച്ച് ജമ്മുവിൽ അവസാനം . ജമ്മുവിൽ നാളെ രാവിലെ കുറച്ച് ഷോപ്പിംഗിന് സമയമുണ്ട്. 2 മണിക്ക് ട്രെയിൻ ഡെൽഹിക്ക്. ഡെൽഹിയിൽ നിന്ന് മംഗള ഷൊർണൂരിലേക്ക് . എ.സി ടിക്കറ്റ് കൺഫേം ആണ്. ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്ത് നടപ്പാക്കിയ ജുനൈസിനും, മയൂര ഹോളിഡേയ്സിനും, ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കിയ ഇക്കമാർക്കും, ഒപ്പം നടന്ന എല്ലാ അംഗങ്ങൾക്കും നന്ദി.

photos Sreedev,Anand.


അവസാനമായി - ഹിമാലയൻ പാതകളിലൂടെ  സ്വന്തം ബുള്ളറ്റിൽ യാത്ര ചെയ്യണം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം.

അബ്ദുൾ കലാമിന്റെ വാക്കുകൾ കടമെടുത്താൽ ഇങ്ങനെ ~ ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നങ്ങൾ മറിച്ചു നമ്മുടെ ഉറക്കം കെടുത്തുന്നതാണ്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും എന്ന് പ്രതിക്ഷിച്ചു കൊണ്ട്. Bye.

No comments:

Post a Comment